നാഷണൽ കോൺഫറൻസ് ജമ്മു കാഷ്മീർ തെരഞ്ഞെടുപ്പിൽ മത്സരിക്കും
Monday, February 17, 2020 12:33 AM IST
ജമ്മു: ജമ്മു കാഷ്മീരിൽ അടുത്ത മാസം നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാഷണൽ കോൺഫറൻസ് പാർട്ടി സന്നദ്ധത പ്രകടിപ്പിച്ചു. പ്രചാരണം സുഗമമായി നടത്താനുള്ള തടസങ്ങൾ നീക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. 2018 മുതൽ നാഷണൽ കോൺഫറൻസ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽനിന്ന് വിട്ടു നിൽക്കുകയാണ്. എട്ടു ഘട്ടങ്ങളിലായി മാർച്ച് അഞ്ചു മുതൽ ആരംഭിക്കുന്ന തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് മത്സരിക്കുമെന്ന് പാർട്ടി സെൻട്രൽ സെക്രട്ടറി രത്തൻ ലാൽ ഗുപ്ത മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് അയച്ച കത്തിൽ വ്യക്തമാക്കി. കത്തിന്റെ കോപ്പി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കും അയച്ചിട്ടുണ്ട്.