ട്രംപിന്റെ സന്ദർശനം: ചേരികൾ മറയ്ക്കുന്നതിനെ വിമർശിച്ച് കോൺഗ്രസ്
Saturday, February 15, 2020 12:34 AM IST
ഗാന്ധിനഗർ: യുഎസ് പ്രസിഡന്റ് ട്രംപിന്റെ അഹമ്മദാബാദ് സന്ദർശനത്തിനു മുന്നോടിയായി നഗരത്തിലെ ചേരികളെ മറച്ച് മതിൽകെട്ടുന്നതിനെ നിശിതമായി വിമർശിച്ചു കോൺഗ്രസ്. ദരിദ്രർ താമസിക്കുന്ന ചേരി ട്രംപിന്റെ കണ്ണിൽപ്പെടാതിരിക്കാനാണു മതിൽകെട്ടുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ ട്രംപിന്റെ സന്ദർശനം തീരുമാനിക്കുന്നതിനു മുന്പേ മതിൽ കെട്ടൽ പദ്ധതിക്ക് അനുമതി നല്കിയിരുന്നതായി ബിജെപി ഭരിക്കുന്ന അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ പറഞ്ഞു.
നഗരപ്രാന്തത്തിലെ സർദാർനഗർ കോളനിയിലെ റോഡുവക്കിൽ ചേരിയെ മറച്ചാണ് മതിൽ കെട്ടുന്നത്. ട്രംപിന്റെ റൂട്ട് ഇതിലേ ആയിരിക്കുമോയെന്നതിൽ വ്യക്തതയില്ലെന്നാണ് മുനിസിപ്പൽ ഡെപ്യൂട്ടി കമ്മീഷണർ കെ.ബി. തക്കർ പറഞ്ഞത്. നാല് അടി ഉയരത്തിൽ 500 മീറ്റർ നീളത്തിലാണ് മതിൽ കെട്ടുന്നത്. പണ്ട് അവിടെ മതിൽ ഉണ്ടായിരുന്നതാണ്. അതു നശിച്ചതിനാലാണ് പുതിയത് കെട്ടുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഗുജറാത്തിലെ യാഥാർഥ്യം യുഎസ് പ്രസിഡന്റിനെ കാണിക്കാതിരിക്കാനാണ് മതിൽ കെട്ടുന്നതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മനീഷ് ദോഷി പറഞ്ഞു. ബിജെപിയുടെ 25 വർഷ ഭരണത്തിൽ സംസ്ഥാനത്ത് ദാരിദ്ര്യം കൂടി. ദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിനു പകരം മറച്ചുപിടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.