പ്രശാന്ത് കിഷോറിനെ നിതീഷ് പുറത്താക്കി
Thursday, January 30, 2020 12:11 AM IST
ന്യൂഡൽഹി: പാർട്ടി അച്ചടക്കം ലംഘിച്ചുവെന്ന കുറ്റത്തിന് ദേശീയ വൈസ്പ്രസിഡന്റ് പ്രശാന്ത് കിഷോറിനെയും ജനറൽ സെക്രട്ടറി പവൻ വർമയെയും നിതീഷ് കുമാർ നേതൃത്വം നൽകുന്ന ജനതാദൾ- യുവിൽനിന്നു പുറത്താക്കി.
പൗരത്വനിയമ ഭേദഗതിയെ അനുകൂലിക്കുന്നതിനു പുറമേ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കാനുള്ള നിതീഷിന്റെ തീരുമാനത്തിലും തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്നതിൽ വിദഗ്ധനായ പ്രശാന്ത് കിഷോറിനു വിയോജിപ്പുണ്ടായിരുന്നു.
അച്ചടക്കലംഘനത്തിന്റെ പേരിലാണ് പുറത്താക്കലെന്ന് ജനതാദൾ ചീഫ് ജനറൽ സെക്രട്ടറി കെ.സി. ത്യാഗി പറഞ്ഞു. നിതീഷിനെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളാണ് പ്രശാന്ത് കിഷോർ നടത്തിയതെന്നും ത്യാഗി ആരോപിച്ചിരുന്നു. പ്രശാന്ത് കിഷോറിനെ കഴിഞ്ഞദിവസം നിതീഷും ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു.
ബിജെപി അധ്യക്ഷൻ അമിത് ഷാ പറഞ്ഞിട്ടാണ് പ്രശാന്ത് കിഷോറിനെ പാർട്ടിയിലെടുത്തതെന്ന് നിതീഷ് കുമർ ആവർത്തിക്കുകയും ചെയ്തു. ഇതിനോടു രൂക്ഷമായ ഭാഷയിലായിരുന്നു പ്രശാന്ത് കിഷോറിന്റെ വിമർശനം.
“നന്ദിയുണ്ട്. ബിഹാർ മുഖ്യമന്ത്രിപദം നിലനിർത്തട്ടെയെന്ന് ആശംസിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ” എന്നായിരുന്നു പുറത്താക്കൽ പ്രഖ്യാപനത്തോട് പ്രശാന്ത് പ്രതികരിച്ചത്.