ആന്ധ്രപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിൽ നിർത്തലാക്കാൻ പ്രമേയം
Tuesday, January 28, 2020 12:13 AM IST
അമരാവതി: ടിഡിപിക്കു ഭൂരിപക്ഷമുള്ള ആന്ധ്രപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിൽ നിർത്തലാക്കാൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയുടെ നീക്കം. ഇന്നലെ വൈകുന്നേരം നിയമസഭയിൽ ഇതു സംബന്ധിച്ചു പ്രമേയം പാസാക്കി. പ്രമേയത്തിനു ഗവർണറുടെ അംഗീകാരം ലഭിച്ചാൽ തുടർ നടപടികൾക്കായി കേന്ദ്ര സർക്കാരിന് അയയ്ക്കും. ഒറ്റ വരി പ്രമേയമാണ് ഇന്നലെ അവതരിപ്പിച്ചത്. പ്രതിപക്ഷമായ ടിഡിപി സഭ ബഹിഷ്കരിച്ചു. 175 അംഗ സഭയിൽ 133 അംഗങ്ങൾ ഹാജരായിരുന്നു. ജനസേന പാർട്ടിയിലെ ഏക അംഗം പ്രമേയത്തെ അനുകൂലിച്ചു.
ആന്ധ്രപ്രദേശിനു വിശാഖപട്ടണം, അമരാവതി, കർണൂൽ എന്നിങ്ങനെ തലസ്ഥാനങ്ങളുണ്ടാക്കാനുള്ള ബിൽ ലെജിസ്ലേറ്റീവ് കൗൺസിലിൽ പരാജയപ്പെട്ടിരുന്നു. ബിൽ സെലക്ട് കമ്മിറ്റിക്കു വിടാൻ ലെജിസ്ലേറ്റീവ് കൗൺസിൽ തീരുമാനിച്ചിരുന്നു. ഇതാണ് ജഗനെ പ്രകോപിപ്പിച്ചത്. ലെജിസ്ലേറ്റീവ് കൗൺസിൽ നിർത്തലാക്കുമെന്ന് ഡിസംബർ 17ന് ജഗൻ മോഹൻ റെഡ്ഢി ഭീഷണി മുഴക്കിയിരുന്നു.
58 അംഗ കൗൺസിലിൽ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസിന് ഒന്പത് അംഗങ്ങൾ മാത്രമാണുള്ളത്. ടിഡിപിക്ക് 28 അംഗങ്ങളുണ്ട്.