റിപ്പബ്ലിക് ദിനാഘോഷത്തിൽ ക്രൈസ്തവ ഗീതത്തെ പുറത്താക്കി മോദി സർക്കാർ
Thursday, January 16, 2020 12:31 AM IST
ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ഏറെ പ്രിയപ്പെട്ട ക്രൈസ്തവ ഗാനം റിപ്പബ്ലിക് ദിന ആഘോഷ പരിപാടികളിൽ നിന്നൊഴിവാക്കി കേന്ദ്ര സർക്കാർ. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ സമാപനം കുറിച്ച് നടക്കുന്ന ബീറ്റിംഗ് ദി റിട്രീറ്റ് പരിപാടിയിൽനിന്ന്"എബൈഡ് വിത്ത് മി’ എന്ന പ്രശസ്ത ഗാനമാണ് ഒഴിവാക്കിയത്. മൈസൂർ രാജാവിനെ ഗാന്ധിജി സന്ദർശിച്ചപ്പോൾ മൈസൂർ പാലസ് ബാൻഡ് അവതരിപ്പിച്ച ഗാനം പിന്നീട് പലപ്പോഴും അദ്ദേഹം പലരെക്കൊണ്ടും പാടിച്ചു.
1950 മുതൽ എല്ലാ റിപ്പബ്ലിക് ദിനാഘോഷങ്ങളിലും മിലിട്ടറി ബാൻഡ് ഈ ഗാനം ആലപിക്കാറുണ്ട്. ഗാന്ധിജിയുടെ ഏറ്റവും പ്രിയപ്പെട്ട ഗാനം അദ്ദേഹത്തിന്റെ 150-ാം ജൻമ വാർഷികത്തിലാണ് നരേന്ദ്ര മോദി സർക്കാർ റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ നിന്ന് ഒഴിവാക്കുന്നതെന്നാണ് ഏറെ ശ്രദ്ധേയം. 2017ലും 2018ലും ബീറ്റിംഗ് റിട്രീറ്റിൽ ഈ ഗാനം ആലപിച്ചിരുന്നു. എന്നാൽ, രാജ്നാഥ് സിംഗ് പ്രതിരോധ മന്ത്രി ആയതിന് ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിന ആഘോഷത്തിലാണ് ഇതുവരെയുള്ള ഗാനത്തിന് പകരം വന്ദേമാതരം മതിയെന്ന നിർദേശം വന്നിരിക്കുന്നത്.
കൂടെ പാർക്ക നേരം വൈകുന്നിതാ
കൂരിരുൾ ഏറുന്നു പാർക്ക ദേവാ
ആശ്രയം വേറില്ല നെരമെനി-
ക്കാശ്രിതവത്സലാ കൂടെ പാർക്ക...
എന്നു തുടങ്ങുന്ന വിവർത്തനത്തിനാണ് മലയാളത്തിൽ ഏറെ പ്രചാരം ലഭിച്ചിട്ടുണ്ട്. ലണ്ടൻ മിഷനറി സൊസൈറ്റിയിലെ സുവിശേഷകനായിരുന്ന റവ. തോമസ് കോശിയാണ് ഈ ഗാനത്തിന്റെ മലയാള വിവർത്തനം നിർവഹിച്ചത്.
ടൈറ്റാനിക്ക് മുങ്ങിക്കൊണ്ടിരുന്നപ്പോൾ കപ്പലിലെ ഗായകസംഘം അവസാനമായി മീട്ടിയ ഗാനങ്ങളിലൊന്ന് ഇതായിരുന്നുവെന്നാണു സാക്ഷി മൊഴികൾ. ഹെന്റി ഫ്രാൻസിസ് ലൈറ്റ് എന്ന സ്കോട്ടിഷ് ആംഗ്ലിക്കൻ ശുശ്രൂഷകനാണ് ഈ ഗാനം രചിച്ചത്. ക്ഷയരോഗം ബാധിച്ച് മരണക്കിടക്കയിലായിരിക്കുന്പോൾ ലൈറ്റ് എഴുതിയ ഈ ഗീതം സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന ഏതൊരാൾക്കും ആത്മീയ കരുത്തു പകരുന്ന ഒന്നാണ്.
വില്യം ഹെന്റി മങ്ക് നൽകിയ ഈണമാണ് ഈ ഗാനത്തിന് പരക്കെ ഉപയോഗിക്കപ്പെടുന്നത്. മഹാത്മഗാന്ധിക്കും ബ്രിട്ടനിലെ ജോർജ് രാജാവിനും ഈ ഗാനം പ്രിയപ്പെട്ടതായിരുന്നു.
എലിസബത്ത് രാജ്ഞിയുടെ വിവാഹവേളയിൽ ജോർജ് രാജാവിന്റെ ആഗ്രഹമനുസരിച്ച് ഈ ഗാനം ആലപിക്കുകയുണ്ടായി. ബ്രൂസ് ലീയുടെ ഫിസ്റ്റ് ഓഫ് ഫ്യൂറി എ ചിത്രത്തിൽ ബ്രാസ് ബാൻഡ് ഈ ഗാനം ആലപിക്കുന്നുണ്ട്. ഓസ്ട്രേലിയ, തുടങ്ങിയ രാജ്യങ്ങളിലും ദേശീയ ദിനാഘോഷങ്ങളിൽ ഈ ഗാനം ആലപിക്കുന്നുണ്ട്.