ഫ്ളോറൻസ് നൈറ്റിംഗേൽ നഴ്സസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു
Thursday, December 5, 2019 11:48 PM IST
ന്യൂഡൽഹി: ഈവർഷത്തെ ദേശീയ ഫ്ളോറൻസ് നൈറ്റിംഗേൽ നഴ്സസ് പുരസ്കാരങ്ങൾ രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്തു. നിപ വൈറസ് ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടെ മരണമടഞ്ഞ പി.എൻ. ലിനി ഉൾപ്പെടെ നാലു മലയാളികളടക്കം 36 പേർക്കാണ് പുരസ്കാരങ്ങൾ ലഭിച്ചത്. ലിനിക്കായി ഭർത്താവ് പി. സജീഷ് പുരസ്കാരം ഏറ്റുവാങ്ങി.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹെഡ് നഴ്സ് എൻ. ശോഭന, ലക്ഷദ്വീപ്, കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ പി.എസ്. മുഹമ്മദ് സാലി, മിലിട്ടറി നഴ്സിംഗ് സർവീസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ തിരുവനന്തപുരം ഇലിപ്പോട് സ്വദേശി ബ്രിഗേഡിയർ പി.ജി. ഉഷാ ദേവി എന്നിവരാണ് പുരസ്കാരം ലഭിച്ച മലയാളികൾ. ലിനിയുടെ സഹോദരിമാരായ ലിബി പുതുശേരി, ലിജി പുതുശേരി, ലിബിയുടെ ഭർത്താവ് കെ.കെ. ഷിജു എന്നിവരും ചടങ്ങിനെത്തി.
ലിനിയുടെ സേവനത്തെ പുരസ്കാരവിതരണവേളയിൽ രാഷ്ട്രപതി പ്രശംസിച്ചു. കേരളത്തിൽ നിപ ബാധയുണ്ടായപ്പോൾ ലിനി നടത്തിയ ത്യാഗത്തിൽ താൻ കൃതജ്ഞത അർപ്പിക്കുന്നു. രോഗികളെ പരിചരിക്കുന്നതിൽ അങ്ങേയറ്റം ആത്മാർഥതയാണ് അവർ പ്രകടിപ്പിച്ചതെന്നും രാഷ്ട്രപതി അനുസ്മരിച്ചു. സേവനത്തിന്റെ പ്രതീകമാണ് നഴ്സുമാരെന്നും അദ്ദേഹം പറഞ്ഞു.