രാഷ്ട്രീയത്തിൽ ഭിന്നാഭിപ്രായങ്ങൾക്ക് വളരെ ചെറിയ ഇടം മാത്രം: തരൂർ
Saturday, September 21, 2019 12:08 AM IST
ജയ്പുർ: രാഷ്ട്രീയത്തിൽ ഭിന്നാഭിപ്രായം പറയുന്നതിനുള്ള ഇടം 1962 നെ അപേക്ഷിച്ച് 2019 ൽ വളരെ ചെറുതായെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. നരേന്ദ്ര മോദിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയതിനു ശശി തരൂരിനെതിരേ പാർട്ടിയുടെ കേരളാ നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അപകീർത്തി നിയമം തെരഞ്ഞെടുക്കപ്പെട്ട നേതാക്കളെ റബർ സ്റ്റാന്പുകളാക്കിയെന്നും തരൂർ ചർച്ചയിൽ പറഞ്ഞു.
അക്സായി ചിൻ ചൈന പിടിച്ചെടുത്തപ്പോൾ നെഹ്റു നടത്തിയ പരാമർശത്തെ കോൺഗ്രസ് നേതാവ് ചോദ്യം ചെയ്തതു ചൂണ്ടിക്കാട്ടിയാണ് തരൂർ പറഞ്ഞത്. അക്സായിചിനിൽ പുല്ലു പോലും മുളയ്ക്കില്ലെന്ന് നെഹ്റു പറഞ്ഞപ്പോൾ, മുടിയില്ലാത്ത തന്റെ തല ചൈനയ്ക്കു നൽകുമോയെന്ന് ഒരു നേതാവ് ചോദിച്ചു. പാർട്ടി നയത്തിൽനിന്ന് വ്യതിചലിച്ച് എംപിമാർക്കു സംസാരിക്കാൻ ഇപ്പോൾ സാധിക്കില്ലെന്നും തരൂർ പറഞ്ഞു.