ആന്ധ്ര നിയമസഭാ മുൻ സ്പീക്കർ കോഡേല ശിവപ്രസാദ് റാവു ജീവനൊടുക്കി
Tuesday, September 17, 2019 12:31 AM IST
ഹൈദരാബാദ്: മുൻ ആന്ധ്രപ്രദേശ് നിയമസഭാ സ്പീക്കറും മുതിർന്ന ടിഡിപി നേതാവുമായ കോഡേല ശിവപ്രസാദ് റാവു(72) ജീവനൊടുക്കി. ഇന്നലെ രാവിലെ സ്വവസതിയിൽ ജീവനൊടുക്കാൻ ശ്രമിച്ച റാവുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. 2014-19 കാലത്ത് ആന്ധ്ര സ്പീക്കറായിരുന്നു റാവു.
ഈ വർഷം മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ സാത്തേനപള്ളി മണ്ഡലത്തിൽ ശിവപ്രസാദ് റാവു പരാജയപ്പെട്ടിരുന്നു. എൻ.ടി. രാമറാവു. എൻ. ചന്ദ്രബാബു നായിഡു എന്നിവരുടെ സർക്കാരുകളിൽ ആഭ്യന്തരം, ജലസേചനം, പഞ്ചായത്തിരാജ്, ഗ്രാമവികസനം, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചയാളാണ് ശിവപ്രസാദ് റാവു. ആറു തവണ നിയമസഭാംഗമായി. ബസവതാരകം കാൻസർ ആശുപത്രി ഡയറക്ടറാണ് ഡോക്ടർകൂടിയായ റാവു.1983ൽ തെലുങ്കുദേശം പാർട്ടിയിൽ അംഗമായി.
വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായ ശാരീരികവും മാനസികവുമായ പീഡനം മൂലമാണ് ശിവപ്രസാദ് റാവു ജീവനൊടുക്കിയതെന്ന് ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു ആരോപിച്ചു.