നന്ദി പറഞ്ഞു ഫാ. ബിനോയിയും രൂപതയും
Tuesday, September 17, 2019 12:31 AM IST
ന്യൂഡൽഹി: പൂർണമായും കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത ഫാ. ബിനോയിയുടെ മോചനത്തിനായി ശ്രമിച്ച കേരളത്തിലെയും ജാർഖണ്ഡിലെയും കത്തോലിക്കാ സഭാ നേതൃത്വത്തിനും നേരിൽ സന്ദർശിച്ച ഡീൻ കുര്യാക്കോസ് എംപിക്കും മറ്റു നേതാക്കൾക്കും പ്രശ്നം ജനശ്രദ്ധയിലെത്തിച്ച ദീപികയ്ക്കും അദ്ദേഹവും ഭഗൽപുർ രൂപതയും നന്ദി അറിയിച്ചു.
ഭഗൽപുർ രൂപത വികാരി ജനറാൾ ഫാ. എൻ.എം. തോമസ് പുറപ്പെടുവിച്ച കുറിപ്പിൽനിന്ന്: ദൈവം ഞങ്ങളുടെ പ്രാർഥന കേട്ടു. കാരുണ്യവനായ ദൈവത്തിന് നന്ദിയും പ്രാർഥനകളും അർപ്പിക്കുന്നു. പ്രാർഥനാപൂർണമായ പിന്തുണ നൽകിയ എല്ലാവർക്കും നന്ദി പറയുന്നു. വൈദികന്റെ മോചനശ്രമത്തിന് നേതൃത്വം നൽകിയ ഭഗൽപുർ ബിഷപ് ഡോ. കുര്യൻ വലിയകണ്ടത്തിലിനും വൈദികർ, കന്യാസ്ത്രീകൾ, വിശ്വാസി സമൂഹം എന്നിവരോടും നന്ദിയുണ്ട്.
ഫാ. ബിനോയിയുടെ മോചനം വേഗത്തിലാക്കുന്നതിനു വലിയ പിന്തുണ നൽകിയ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മറ്റു ബിഷപ്പുമാർ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ പി.ജെ. ജോസഫ്, കെ.സി. ജോസഫ് തുടങ്ങിയവരോടും രൂപതയുടെ പേരിൽ കൃതജ്ഞതയുണ്ട്. ഗോഡ്ഡയിലെ ആശുപത്രിയിലും വൈദികനെ കസ്റ്റഡിയിലെടുത്ത രാജ്ധയിലും നേരിട്ടെത്തിയ ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്റെ ഇടപെടലിനെ പ്രത്യേകം അഭിനന്ദിക്കുന്നു. ഫാ. ബിനോയിയുടെ വെട്ടിമറ്റം പള്ളി വികാരി ഫാ. ആന്റണി പുലിമലയിൽ, ഇടവകാംഗങ്ങൾ, നാട്ടുകാർ, കുടുംബാംഗങ്ങൾ എന്നിവരോടും ഭഗൽപുർ രൂപത നന്ദി പറഞ്ഞു.