മേനക ഗാന്ധിയുടേത് പത്താം മത്സരം
Thursday, April 18, 2019 11:13 PM IST
യുപിയിലെ സുൽത്താൻപുർ മണ്ഡലത്തിൽ കേന്ദ്രമന്ത്രി മേനകഗാന്ധി ഇന്നലെ പത്രിക സമർപ്പിച്ചു. ഏഴു തവണ ലോക്സഭാംഗമായ മേനകഗാന്ധിയുടെ പത്താം മത്സരമാണിത്. മകൻ വരുണിനുവേണ്ടി രണ്ടു തവണയാണ് മേനകഗാന്ധി മണ്ഡലം മാറിയത്. കഴിഞ്ഞതവണ വിജയിച്ച പിലിഭിത് വരുണിനു നല്കി സുൽത്താൻപുരിലാണു മേനക ഇത്തവണ മത്സരിക്കുന്നത്. കഴിഞ്ഞതവണ വരുൺ വിജയിച്ചത് സുൽത്താൻപുരിലായിരുന്നു. എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്കഗാന്ധി നടത്തുന്ന ഊർജിതപ്രചാരണമാണു കിഴക്കൻയുപിയിലെ സുൽത്താൻപുരിൽനിന്നു മാറാൻ വരുണിനെ പ്രേരിപ്പിച്ചത്. അമേഠിയോടു ചേർന്നുള്ള മണ്ഡലമാണിത്. ഇന്നലെ സുൽത്താൻപുരിൽ മേനക പത്രിക സമർപ്പിച്ചു.
2009ൽ വരുണിനുവേണ്ടി മേനക പിലിഭിത് ഒഴിഞ്ഞ് തൊട്ടടുത്തുള്ള ഓൻലയിൽ മത്സരിച്ചു വിജയിച്ചു. 1984ൽ രാജീവ്ഗാന്ധിക്കെതിരേ മത്സരിച്ചുകൊണ്ടായിരുന്നു മേനകഗാന്ധി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. കന്നിമത്സരത്തിൽ ദയനീയ പരാജയം നേരിട്ട മേനക 1989ൽ പിലഭിത്തിൽനിന്നു ജനതാദൾ ടിക്കറ്റിൽ ലോക്സഭയിലെത്തി. 1991ൽ ബിജെപി സ്ഥാനാർഥിയോടു തോറ്റു. 1996ലും ജനതാദൾ ടിക്കറ്റിൽ വിജയിച്ച മേനക 1998, 1999 തെരഞ്ഞെടുപ്പുകളിൽ സ്വതന്ത്രസ്ഥാനാർഥിയായാണു മത്സരിച്ചു വിജയിച്ചത്. 2004ൽ ബിജെപി ടിക്കറ്റിൽ മത്സരിച്ചു വിജയിച്ചു. 2009, 2014 തെരഞ്ഞെടുപ്പുകളിൽ വിജയം ആവർത്തിച്ചു.