കോളാറിൽ തുടർച്ചയായി എട്ടാം വിജയം തേടി മുനിയപ്പ
Thursday, April 18, 2019 12:41 AM IST
കർണാടകയിൽ സ്വർണഖനികളുടെ പേരിൽ പ്രസിദ്ധമായ കോളാറിൽ കോൺഗ്രസ് സ്ഥാനാർഥി കെ.എച്ച്. മുനിയപ്പ ലക്ഷ്യമിടുന്നത് തുടർച്ചയായ എട്ടാം ജയം. 1991 മുതൽ ഈ പട്ടികജാതി സംവരണ മണ്ഡലത്തിനു മുനിയപ്പയല്ലാതെ മറ്റൊരു പ്രതിനിധിയുണ്ടായിട്ടില്ല. ഇത്തവണ ജെഡിഎസും കോൺഗ്രസിനൊപ്പമുള്ളത് മുനിയപ്പയ്ക്ക് കരുത്താകുന്നു. ബംഗളൂരുവിൽനിന്നുള്ള നഗരസഭാംഗം എസ്. മുനിസ്വാമിയാണ് മുനിയപ്പയുടെ പ്രധാന എതിരാളി.
മുനിയപ്പയോടു വോട്ടർമാർക്കുള്ള എതിർപ്പ് ഇത്തവണ തുണയാകുമെന്നാണു ബിജെപിയുടെ വാദം. ജെഡിഎസ് വോട്ട് മുനിയപ്പയ്ക്കു കിട്ടില്ലെന്നും കഴിഞ്ഞതവണ ത്രികോണ മത്സരം മുനിയപ്പയ്ക്കു തുണയായെന്നും മുനിസ്വാമി പറയുന്നു. മകളെ രാഷ്ട്രീയത്തിൽ ഉയർത്തിക്കൊണ്ടുവരുന്നതിനപ്പുറം മുനിയപ്പയ്ക്കു മറ്റു ലക്ഷ്യങ്ങളൊന്നുമില്ലെന്നു മുൻ കോൺഗ്രസ് എംഎൽഎ സുധാകർ റെഡ്ഡി ആരോപിക്കുന്നു. കോത്തുർ മഞ്ജുനാഥും എച്ച്. നാഗേഷും വിമതരായ മുനിയപ്പയ്ക്കെതിരേ രംഗത്തുണ്ട്. എന്നാൽ, മഞ്ജുനാഥ് ഒഴികെയുള്ള എംഎൽഎമാരെല്ലാം തന്നെ പിന്തുണയ്ക്കുന്നുവെന്നു മുനിയപ്പ പറയുന്നു. ബിജെപിയുടെ ഉയർച്ചയ്ക്കുശേഷം രാജ്യത്ത് ഏഴു തവണ തുടർച്ചയായി ജയിച്ച ഏക കോൺഗ്രസുകാരനാണു മുനിയപ്പ.
പട്ടികജാതിക്കാർക്ക് നിർണായക സ്വാധീനമുള്ള കോലാറിൽ വൊക്കലിഗ, കുറുബ, മുസ്ലിം വോട്ടുകളും സ്വാധീനശക്തിയാണ്. ആന്ധ്രയിലെ ചിറ്റൂരിനോടും തമിഴ്നാട്ടിലെ കൃഷ്ണഗിരിയോടും അതിരിടുന്ന മണ്ഡലത്തിൽ തമിഴ്,തെലുങ്ക് വോട്ടർമാരും നിർണായകമാണ്.