ശബരിമല സ്വർണപ്പാളി വിവാദം:നിയമസഭ സ്തംഭിച്ചു
Tuesday, October 7, 2025 1:52 AM IST
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളിയിൽനിന്നു കിലോക്കണക്കിനു സ്വർണം കാണാതായ സംഭവത്തിൽ അടിന്തരപ്രമേയത്തിനു നോട്ടീസ് നൽകാതെയുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ സ്തംഭിച്ചു.
രാവിലെ ചോദ്യോത്തരവേള ആരംഭിച്ചതു മുതൽ നടുത്തളത്തിലിറങ്ങിയുള്ള പ്രതിപക്ഷ ബഹളത്തിൽ സഭാ നടപടികൾ നിർത്തിവച്ചു. വീണ്ടും ബഹളം അനിയന്ത്രിതമായതോടെ 50 മിനിറ്റിനകം ഒരു ദിവസത്തെ മുഴുവൻ സഭാ നടപടികളും പൂർത്തിയാക്കി പിരിഞ്ഞു.
അയ്യപ്പന്റെ സ്വർണം കട്ടവർ "അന്പലം വിഴുങ്ങികൾ' എന്നെഴുതിയ ബാനറും പ്ലക്കാർഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ചോദ്യങ്ങളുടെ മറുപടിക്കായി മന്ത്രി കെ.എൻ. ബാലഗോപാലിനെ സ്പീക്കർ എ.എൻ. ഷംസീർ ക്ഷണിച്ചു.
ഇതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എഴുന്നേറ്റു ശബരിമലയിലെ കിലോക്കണക്കിനു സ്വർണം കാണാതായ വിഷയം സഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷത്തെ അനുവദിച്ചില്ലെന്നും ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.
മന്ത്രി ബാലഗോപാൽ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞുതുടങ്ങിയതോടെ പ്രതിപക്ഷ ബഹളം രൂക്ഷമായി. ഇതോടെ സ്പീക്കർ ചോദ്യോത്തരവേള റദ്ദാക്കി, സഭാ നടപടികൾ നിർത്തിവച്ചു.
രാവിലെ ഒൻപതിന് സഭ തുടങ്ങിയപ്പോൾത്തന്നെ സ്പീക്കറുടെ കാഴ്ച മറയ്ക്കുന്ന തരത്തിൽ ബാനർ പിടിച്ചതോടെ പ്രതിപക്ഷാംഗങ്ങളോടു സീറ്റിലേക്കു മടങ്ങണമെന്ന് സ്പീക്കർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അവർ വഴങ്ങിയില്ല.
മന്ത്രിക്ക് മറുപടി പറയാൻ കഴിയാത്ത രീതിയിൽ ബഹളം തുടർന്നതോടെ രാജ്യത്തെ ഒരു സഭയിലും ചോദ്യോത്തരവേളയിൽ പ്രതിപക്ഷം ബഹളമുണ്ടാക്കാറില്ലെന്നും ചോദ്യോത്തരവേള കഴിഞ്ഞു വിഷയം ഉന്നയിക്കാവുന്നതാണെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞെങ്കിലും പ്രതിപക്ഷ ബഹളത്തെ ത്തുടർന്ന് ആറു മിനിറ്റിനകം ചോദ്യോത്തര വേള അവസാനിപ്പിക്കുകയായിരുന്നു.
സ്വർണക്കവർച്ചയെന്നു വിജിലൻസ് റിപ്പോർട്ട്
തിരുവനന്തപുരം: ശബരിമലയിൽ നടന്നത് സ്വർണക്കവർച്ചയാണെന്നും സംഭവത്തിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ദേവസ്വം വിജിലൻസ്.
ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
രണ്ടു ദിവസത്തിനകം വിജിലൻസ് കോടതിക്ക് റിപ്പോർട്ട് നൽകും. എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്ന നിർദേശമാണു സംസ്ഥാന സർക്കാർ വിജിലൻസിന് നൽകിയിട്ടുള്ളത്. സംഭവത്തിൽ അടിമുടി ദുരൂഹതയുണ്ടെന്ന നിഗമനത്തിലാണ് ദേവസ്വം വിജിലൻസ്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിലും ദേവസ്വം ബോർഡിലും ചില കാര്യങ്ങളിൽ ഉണ്ടായിരുന്ന വലിയ സ്വാധീനം ദുരൂഹത വർധിപ്പിക്കുന്നതാണെന്നാണു കണ്ടെത്തൽ.
ഒന്നരക്കിലോ സ്വർണമാണ് ദ്വാരപാലക ശില്പത്തിലുണ്ടായിരുന്നത്. എന്നാൽ 2019 ജൂലൈയിൽ ഉണ്ണികൃഷ്ണൻ പോറ്റി പാളി എടുത്തുകൊണ്ടുപോയ ശേഷം തിരിച്ചെത്തിയപ്പോൾ അതിൽ 394 ഗ്രാം സ്വർണം മാത്രമാണുണ്ടായിരുന്നത്.
വിജയ് മല്യ നൽകിയ സ്വർണം എട്ട് സൈഡ് പാളികളിലായി നാലുകിലോഗ്രാം വീതമാണ് പൊതിഞ്ഞിരുന്നത്. ഇതിൽ രണ്ടു പാളികൾ ഉണ്ണികൃഷ്ണനു നൽകിയിരുന്നു. ഇവയിൽ എത്ര സ്വർണമുണ്ടെന്ന് ഇനി തിട്ടപ്പെടുത്തേണ്ടതുണ്ട് തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോൾ വെളിവായിട്ടുള്ളതെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റി അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന് അയച്ച ഇ മെയിൽ സന്ദേശം സംബന്ധിച്ചും വിജിലൻസിന് കൂടുതൽ സംശയങ്ങളുണ്ട്. ദ്വാരപാലക ശില്പങ്ങളുടെ വിവരം തേടി ഇ-മെയിൽ സന്ദേശം അയച്ച് ഒരു മാസം പിന്നിട്ടപ്പോൾ ശില്പം ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറി.
ഇതിനുപുറമെ 2019നു മുന്പ് ഉണ്ടായിരുന്ന പാളികളുടെ ചിത്രങ്ങളുടെ പരിശോധന നടത്തിയതിൽനിന്നും 2025ൽ പുതുക്കിയെത്തിച്ച പാളികളിൽ വ്യത്യാസമുണ്ടെന്ന വിലയിരുത്തലും വിജിലൻസ് കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ വ്യക്തമാക്കിയതായാണു വിവരം.