എടിഎം കവർച്ചാശ്രമത്തിലെ പ്രതി ജ്വല്ലറി മോഷണശ്രമത്തിനിടെ കുടുങ്ങി
Tuesday, October 7, 2025 1:03 AM IST
തൃശൂര്‍: കുരിയച്ചിറയിലെ അക്കര ജ്വല്ലറിയിൽ മോഷണശ്രമത്തിനിടെ പ്രതി പിടിയിൽ. കോര്‍പറേഷനിലെ വൈദ്യുതിവിഭാഗം കരാര്‍ ജീവനക്കാരനും പേരാമംഗലം സ്വദേശിയുമായ ജിന്റോ (28) ആണ് പിടിയിലായത്. പൂങ്കുന്നത്തെ എടിഎം കവർച്ചാശ്രമത്തിനു പിറകിലും താൻ തന്നെയാണെന്നു പ്രതി മൊഴിനൽകിയതായി പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം രാത്രിയാണ് ജിന്റോ ജ്വല്ലറിയുടെ പൂട്ടുപൊളിച്ച് വാതിലും തകർത്ത് അകത്തുകടന്നത്. ഇതിനിടെ ജ്വല്ലറി ഉടമയ്ക്കു ഡോർ തകർത്തതു സംബന്ധിച്ച സന്ദേശം ഫോണിലെത്തി. തുടർന്ന് ഉടമ ഫോണിൽ സിസിടിവി പരിശോധിച്ചപ്പോഴാണ് ജ്വല്ലറിക്കകത്തു മോഷ്ടാവിനെ കണ്ടത്.
ജ്വല്ലറിയിലെ അലാറംകൂടി അടിച്ചതോടെ പരിഭ്രാന്തനായ പ്രതി പുറത്തുകടക്കാൻ ശ്രമിച്ചെങ്കിലും കുടുങ്ങുകയായിരുന്നു. ഉടമ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ നെടുപുഴ പോലീസ് പ്രതിയെ കൈയോടെ പിടികൂടി.
ശനിയാഴ്ച രാത്രിയാണ് പൂങ്കുന്നത്തെ പഞ്ചാബ് നാഷണൽ ബാങ്കിലെ എടിഎമ്മിൽ കവര്‍ച്ചാശ്രമം നടന്നത്. മോഷണശ്രമത്തിനിടെ അലാറം അടിച്ചതിനെതുടര്‍ന്ന് ഇയാൾ സ്ഥലംവിടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ജ്വല്ലറി മോഷണശ്രമത്തിനിടെ ജിന്റോ പിടിയിലാകുന്നത്.
കോര്പറേഷൻ വൈദ്യുതിവിഭാഗത്തിന്റെ ഡ്രില്ലറുമായിട്ടാണ് പ്രതി മോഷണത്തിനെത്തിയത്. സ്വര്‍ണം പണയംവച്ചതുമായി ബന്ധപ്പെട്ട കടബാധ്യതകളാണ് മോഷണത്തിനു പ്രേരിപ്പിച്ചതെന്നാണ് പ്രതിയുടെ മൊഴി.