സ്വകാര്യ കൈവശത്തിലുള്ള അധികഭൂമി ക്രമവത്കരിക്കാൻ നിയമം വരുന്നു
Tuesday, October 7, 2025 1:03 AM IST
തിരുവനന്തപുരം: സ്വകാര്യ കൈവശത്തിലുള്ള അധികഭൂമി ക്രമവത്കരിക്കാൻ നിയമം വരുന്നു. ഡിജിറ്റൽ റീ സർവേയിൽ ഒരാളിൽനിന്ന് നഷ്ടപ്പെട്ട് മറ്റൊരാൾക്കു ലഭിക്കുന്ന അധികഭൂമി തർക്കരഹിതമായതാണെങ്കിൽ ക്രമവത്കരിക്കുകയാണ് ലക്ഷ്യം. ഇതു സംബന്ധിച്ച വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന കേരള സ്വകാര്യ കൈവശത്തിലുള്ള അധികഭൂമി (ക്രമവത്കരണ) ബില്ലാണ് നിയമസഭയിൽ അവതരിപ്പിച്ചത്.
ഭൂമി നഷ്ടമാകുന്നവർക്കു പരാതിയില്ലെന്നു വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് അധികഭൂമി ക്രമപ്പെടുത്തി നൽകാൻ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. നിലവിലുള്ള റവന്യു രേഖയിൽ നിശ്ചിത അളവ് രേഖപ്പെടുത്തിയും റീസർവേ റിപ്പോർട്ട് പ്രകാരം തർക്കമില്ലാത്ത അധികഭൂമി കണ്ടെത്തുകയും ചെയ്താൽ അതിനുകൂടി കൈവശരേഖ നൽകുന്ന വിധത്തിലാണ് ബിൽ റവന്യു വകുപ്പ് കൊണ്ടുവന്നത്.
അതേസമയം, ക്രമവത്കരിച്ചു കൊടുക്കുന്ന ഭൂമിക്കു പരിധി നിശ്ചയിക്കും. ഈടാക്കേണ്ട ഫീസിന്റെ കാര്യത്തിലും ചട്ടത്തിൽ വ്യവസ്ഥകൾ കൊണ്ടുവരും. കണ്ടെത്തുന്ന അധികഭൂമി സർക്കാർ ഭൂമിയോടു ചേർന്നാകരുത്, പട്ടയഭൂമിയാകാൻ പാടില്ല, കൃത്യമായ അതിർത്തിവേണം, തർക്കങ്ങളോ നിയമപരമായ വ്യവഹാരങ്ങളോ ഭൂമിയുടെ പേരിൽ ഉണ്ടാകാൻ പാടില്ല തുടങ്ങിയ കർശന വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡിജിറ്റൽ റീസർവേയിൽ വ്യക്തികളുടെ കൈവശത്തിലും അനുഭവത്തിലും അധികഭൂമി തർക്കരഹിതമായി കൈവശം വച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ഇത് ക്രമപ്പെടുത്തുന്നതിനായാണ് നിയമം കൊണ്ടുവരുന്നത്.
സർവേ പൂർത്തിയായ വില്ലേജുകളിൽ പകുതിയിലും ഇത്തരത്തിൽ അധികഭൂമി കണ്ടെത്തിയിട്ടുണ്ടെന്നാണ് റവന്യു വകുപ്പ് വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇത്തരം ഭൂമിക്ക് വ്യവസ്ഥകളോടെ കരമൊടുക്കാനുള്ള അനുമതി നൽകുന്നതും പരിഗണനയിലുണ്ട്. വിശദമായ പരിശോധനകൾക്കായി ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു.