ചൊക്ലിയിൽ പോലീസിനെതിരേ സിപിഎമ്മിന്റെ കൊലവിളി
Tuesday, October 7, 2025 1:03 AM IST
തലശേരി: ഹൈക്കോടതി ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങൾ നീക്കം ചെയ്യാനെത്തിയ പോലീസ് സംഘത്തിനു നേരേ സിപിഎം പ്രവർത്തകരുടെ ഭീഷണിയും കൊലവിളിയും കൈയേറ്റവും.
ചൊക്ലി മേനപ്രം വേട്ടക്കൊരുമകൻ ക്ഷേത്രത്തിനടുത്തായി ആർഎസ്എസ്, സിപിഎം പ്രവർത്തകർ നാട്ടിയ കൊടിതോരണങ്ങൾ നീക്കം ചെയ്യുമ്പോഴായിരുന്നു സംഭവം.
പാർട്ടികളുടെ കൊടിതോരണങ്ങൾ സംഘർഷത്തിന് ഇടയാക്കിയേക്കുമെന്നു രഹസ്യാന്വേഷണ റിപ്പോർട്ടുമുണ്ടായിരുന്നു. ഇതേത്തുടർന്ന് ചൊക്ലി എസ്ഐ ആർ. രാകേഷും സംഘവും സ്ഥലത്തെത്തി കക്ഷിരാഷ്ട്രീയ ഭേദമന്യേ കൊടിതോരണങ്ങൾ നീക്കുന്നതിനിടെയാണ് ഒരു സംഘം സിപിഎം പ്രവർത്തകർ സ്ഥലത്തെത്തി പോലീസിന്റെ നടപടി ചോദ്യം ചെയ്തത്.
പോലീസിനെ തടഞ്ഞ സംഘം അസഭ്യം പറയുകയും “നിന്നെപ്പോലുള്ളവരെയൊന്നും ചൊക്ലി സ്റ്റേഷനിൽ നിർത്തില്ല, കളിച്ചാൽ കത്തിക്കു വരഞ്ഞു തീർക്കുമെന്നും’’ഭീഷണി മുഴക്കി കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്.
സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ടി. ജയേഷ്, ഷിനോജ്, കിരൺ കരുണാകരൻ, നവാസ്, വിജേഷ്, ജിബിൻ, റിനീഷ് എന്നിവരടക്കം കണ്ടാലറിയാവുന്ന 20 പേർക്കെതിരേ പോലീസ് കേസെടുത്തു. പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ, കൈയേറ്റം, വധഭീഷണി ഉൾപ്പെടെയുള്ള കേസുകൾ പ്രകാരമാണ് കേസ്.
പോലീസ് മർദിച്ചെന്ന് സിപിഎം
തലശേരി: ചൊക്ലി മേനപ്രത്ത് കൂത്തുപറന്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിമരം പോലീസ് നീക്കം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ കാര്യങ്ങൾ പറയുന്നതിനിടെ പോലീസ് പ്രകോപിതരായി പ്രവർത്തകരെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന് സിപിഎം.
ലോക്കൽ സെക്രട്ടറി ടി. ജയേഷിനെ പോലീസ് മർദിച്ച് പരിക്കേൽപ്പിച്ചതായും പരാതിയുണ്ട്. മർദനത്തിൽ പരിക്കേറ്റ ജയേഷ് ആശുപത്രിയിൽ ചികിത്സ തേടി. പോലീസിന്റെ മർദനത്തിനെതിരെ ജയേഷും പരാതി നൽകിയിട്ടുണ്ട്.