കുമ്പള സ്കൂളിലെ വിവാദ മൈം വീണ്ടും വേദിയിൽ
Tuesday, October 7, 2025 1:03 AM IST
കാസര്‍ഗോഡ്: വിവാദത്തെത്തുടര്‍ന്ന് പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്ന പലസ്തീന് ഐക്യദാര്‍ഢ്യ മൈം ഷോ വന്‍ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ കുമ്പള ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍ വീണ്ടും അവതരിപ്പിച്ചു.
കലോത്സവത്തിന്റെ ഭാഗമായി നേരത്തെ അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അധ്യാപകര്‍ കര്‍ട്ടനിട്ട് തടഞ്ഞ മൈം ആണ് ചില മാറ്റങ്ങളോടെ ഇന്നലെ വീണ്ടും വേദിയിലെത്തിയത്.
കലോത്സവ മാനുവല്‍ പ്രകാരം ഇത്തവണ ആറു വിദ്യാര്‍ഥികളാണ് പരിപാടി അവതരിപ്പിച്ചത്. നേരത്തെ ഇതു 10 പേരായിരുന്നു. കഫിയ ധരിച്ചാണ് വിദ്യാര്‍ഥികള്‍ വേദിയിലെത്തിയതെങ്കിലും അവതരണ സമയത്ത് അത് ഒഴിവാക്കി. മുന്‍പ് ഉപയോഗിച്ചിരുന്ന കുട്ടിയുടെ പാവയും മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും പൂര്‍ണമായും ഒഴിവാക്കിയായിരുന്നു അവതരണം.
വിവാദത്തിലായ രണ്ട് അധ്യാപകരെ മാറ്റിനിര്‍ത്തിയാണ് കുട്ടികളുടെ മൈം അവതരണം നടന്നത്. എന്നാല്‍, മൈം അവതരിപ്പിച്ച് കഴിഞ്ഞതിനു തൊട്ടുപിന്നാലെ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്കൂളിന് മുന്നില്‍ നിലയുറപ്പിച്ചു.
വിദ്യാര്‍ഥികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന പ്രവണതയോട് യോജിക്കാന്‍ കഴിയില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. സ്കൂള്‍ കലോത്സവത്തിനിടെ വെള്ളിയാഴ്ച നടന്ന പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള മൈം അവതരണമാണ് വിവാദമായത്.
വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മൈം ഷോ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പലസ്തീന് പതാകകളും ഫോട്ടോകളും ഉയര്‍ത്തി വിദ്യാര്‍ഥികള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു. കലോത്സവ മാനുവലിന് വിരുദ്ധമാണ് മൈംഷോയുടെ അവതരണമെന്ന് പറഞ്ഞ് അധ്യാപകന് ഇടപെട്ട് കര്ട്ടന് താഴ്ത്തുകയായിരുന്നു.