ബ്രൂവറി കൊണ്ടുവരുന്നതു തെരഞ്ഞെടുപ്പുഫണ്ടിൽ കോടികൾ എത്തിക്കാൻ: വി.കെ. ശ്രീകണ്ഠൻ എംപി
Tuesday, October 7, 2025 1:03 AM IST
എലപ്പുള്ളി: തെരഞ്ഞെടുപ്പുഫണ്ടിൽ കോടികൾ എത്തിക്കാനാണ് പിണറായിസർക്കാർ തിരക്കുപിടിച്ച് ബ്രൂവറി കൊണ്ടുവരാൻ ശ്രമിക്കുന്നതെന്നു വി.കെ. ശ്രീകണ്ഠൻ എംപി. എലപ്പുള്ളിയിൽ നടന്ന ബ്രൂവറിവിരുദ്ധ പ്രതിഷേധ ഐക്യദാർഢ്യസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടിവെള്ളക്ഷാമം നേരിടുന്ന എലപ്പുളളിയിൽ ബ്രൂവറി സ്ഥാപിക്കാൻ ഒരുകാരണവശാലും അനുവദിക്കില്ല. കുടിവെള്ളം മുഖ്യ അസംസ്കൃതവസ്തുവായ ബ്രൂവറി എലപ്പുള്ളിക്കു അനുയോജ്യമായ വ്യവസായമല്ല.
പ്രവർത്തിക്കാൻ ദിവസേന പത്തു ദശലക്ഷം ലിറ്റർ വെള്ളം വേണം. വെള്ളം എവിടെനിന്ന് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം സർക്കാരിനില്ല. മഴവെള്ളം സംഭരിച്ച് ഉത്പാദനം നടത്തുമെന്ന വാദം യുക്തിക്കു നിരക്കുന്നതല്ല.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബ്ലാക് ലിസ്റ്റിൽപെട്ട കമ്പനിയെയാണ് പിണറായിസർക്കാർ കേരളത്തിലേക്കു കൊണ്ടുവരുന്നത്. എലപ്പുള്ളിയിലെ പൊതുസമൂഹം ബ്രൂവറി വരുന്നതിനെതിരാണ്. ജനവികാരം സർക്കാർ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
മലമ്പുഴയിൽ മാലിന്യംതള്ളലും എലപ്പുള്ളിക്കു സ്വന്തം ബ്രാൻഡ് മദ്യവും- ഇതാണ് പാലക്കാട്ടുകാരനായ മന്ത്രി നൽകിയ രണ്ടു പദ്ധതികൾ. നിർഭാഗ്യവശാൽ ഈ മന്ത്രി തന്റെ സഹപാഠിയും നാട്ടുകാരനും ആയിപ്പോയി എന്നതിൽ താൻ ലജ്ജിക്കുന്നുവെന്നും ശ്രീകണ്ഠൻ പറഞ്ഞു.
എലപ്പുള്ളി പാറ ജംഗ്ഷനിൽ നടന്ന സമ്മേളനത്തിൽ ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിച്ചു. എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു, ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ്, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എസ്.കെ. അനന്തകൃഷ്ണൻ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ, സംഘാടകസമിതി കൺവീനർ വിളയോടി വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനാ ഭാരവാഹികളും ജനപ്രതിനിധികളും പങ്കെടുത്തു.
ബ്രൂവറി കന്പനിയുടെ ഗൂഢനീക്കങ്ങൾ തിരിച്ചറിയണം: ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ്
നിയമവ്യവസ്ഥയെ വരെ വെല്ലുവിളിച്ചു ഒയാസിസ് കന്പനി നടത്തുന്ന ഗൂഢനീക്കങ്ങൾ തിരിച്ചറിഞ്ഞു പ്രതികരിക്കണമെന്നു ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ് അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.
റവന്യു, കൃഷി വകുപ്പുകളും പഞ്ചായത്തുമെല്ലാം എതിർപ്പുകളുമായി രംഗത്തുണ്ട്. എന്നിട്ടും ബ്രൂവറി കന്പനി തുടർനടപടികളുമായി മുന്നോട്ടുപോകുന്നതു ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ സമ്മേളനത്തിൽ നിരവധി സംഘടനകൾ ഭാഗമായിട്ടുണ്ട്. ജനകീയസമരത്തിനു ചൂടുംചൂരും പകരാൻ കൂടുതൽ സംഘടനകൾ ഇനിയും രംഗത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു.