തദ്ദേശ തെരഞ്ഞെടുപ്പ് എത്ര ഘട്ടമെന്നത് പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
Tuesday, October 7, 2025 1:52 AM IST
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് എത്ര ഘട്ടമായി സംസ്ഥാനത്തു നടത്തണമെന്നതു സംബന്ധിച്ച് പോലീസ് വിന്യാസവുമായി ബന്ധപ്പെട്ടു ഡിജിപിയുടെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അന്തിമ തീരുമാനമെടുക്കുക.
സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറുമായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ എ. ഷാജഹാൻ ഇന്നലെ സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ചു ചർച്ച നടത്തി. സംസ്ഥാനത്തു ക്രമസമാധാന നില പൊതുവേ ഭദ്രമാണെന്ന വിവരമാണ് ഡിജിപി, സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചതെന്നാണു സൂചന.
പ്രശ്നബാധിത ബൂത്തുകളിലേത് അടക്കമുള്ള പോലീസ് വിന്യാസം സംബന്ധിച്ച വിവരങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷൻ, ഡിജിപിയെ അറിയിച്ചു. പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്രസേനയെ വിന്യസിക്കും. കേന്ദ്രസേനയ്ക്കായി കേന്ദ്രത്തിനു കത്തു നൽകും.
തെരഞ്ഞെടുപ്പു സുരക്ഷാ വിന്യാസത്തിന് ആനുപാതികമായ പോലീസ് സേനാംഗങ്ങളെ ലഭ്യമല്ലെങ്കിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നു ലഭ്യമാക്കാൻ നടപടിയെടുക്കും. തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നതിനു മുൻപു തെരഞ്ഞെടുപ്പു മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പോലീസ് മേധാവിയുമായി തെരഞ്ഞെടുപ്പു കമ്മീഷൻ കൂടിക്കാഴ്ച നടത്തുന്നത്.
സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ കൂടിക്കാഴ്ച പൂർത്തിയായാൽ ഒന്നോ രണ്ടോ ആഴ്ചയ്ക്കകം തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നേക്കാം. പോലീസ് വിന്യാസം കൂടാതെ സംസ്ഥാന വ്യാപക സുരക്ഷാ ക്രമീകരണങ്ങളും ചർച്ചയായി. പ്രശ്നബാധിത- അതി സങ്കീർണ ബൂത്തുകൾ നിശ്ചയിക്കുന്നതും പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും.
മൂന്നു വർഷം തുടർച്ചയായി സ്വന്തം ജില്ലയിൽ ജോലി നോക്കിയ പോലീസ് ഉദ്യോഗസ്ഥരെ മറ്റു ജില്ലകളിലേക്കു മാറ്റാനും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. സ്ഥലംമാറ്റ നടപടികൾ ഏകദേശം പൂർത്തിയാക്കിയതായി ഡിജിപി അറിയിച്ചു.
കഴിഞ്ഞ മൂന്നു മുതൽ തെരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം തടഞ്ഞുകൊണ്ടു കമ്മീഷൻ ഉത്തരവിറക്കിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പു പെരുമാറ്റച്ചടങ്ങൾക്കു വിഘാതമാകുന്ന ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കാനാകും.