പ്രമുഖ നാടകനടന്‍ വിജയന് മലാപ്പറമ്പ് അന്തരിച്ചു
Tuesday, October 7, 2025 1:03 AM IST
കോഴിക്കോട്: പ്രമുഖ നാടകനടന്‍ വിജയന് മലാപ്പറമ്പ് (75) ചേളന്നൂര്‍ പയ്യടത്താഴം വീട്ടില്‍ അന്തരിച്ചു. നിരവധി നാടകങ്ങളിലും ടെലിഫിലിമുകളിലും പരമ്പരകളിലും ഏതാനും സിനിമകളിലും വേഷമിട്ടിട്ടുണ്ട്. സംസ്കാരം ഇന്നുച്ചയ്ക്ക് 12ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.
എഴുപതുകളില്‍ നാടകലോകത്തേക്ക് കടന്നുവന്ന വിജയന് മലാപ്പറമ്പിന് 2011ല്‍ മികച്ച നടനുള്ള കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പി.എം. താജിന്റെ ‘പെരുമ്പറ’ എന്ന നാടകത്തിലൂടെ പ്രഫഷണല്‍ നാടകരംഗത്തേക്കു കടന്നുവന്ന വിജയന് മലാപ്പറമ്പ് കെ.ടി. മുഹമ്മദിന്റെയും ഇബ്രാഹിം വെങ്ങരയുടെയും പ്രമുഖ നാടകങ്ങളിലും അഭിനയിച്ചു.
കടവ്, ഒരേ തൂവല്‍പ്പക്ഷികള്‍, പരുന്ത്, കാശ്, ക്യൂ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കേരളത്തിലെ ഒട്ടുമിക്ക നാടക ട്രൂപ്പുകളുമായി സഹകരിച്ച വിജയന് അടുത്തകാലത്തായി വൃക്കസംബന്ധമായ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കലിംഗ തിയറ്റേഴ്സിലൂടെ നാടകരംഗത്തെത്തിയ നടി രാധാമണിയാണ് ഭാര്യ. മക്കള്‍: കാര്‍ത്തിക (മെറിറ്റ് അക്കാദമി വെസ്റ്റ്ഹില്‍), രോഹിത്ത് വിജയന് (ബ്രിട്ടന്, ബിസിനസ് കണ്‍സൾട്ടന്റ്, മിസ്റ്റര്‍ ഇന്ത്യ വേള്‍ഡ്). മരുമകന്: സഞ്ജീവ് (തൊണ്ടയാട്). സഹോദരങ്ങള്‍: പ്രകാശന് (മാങ്കാവ്), ശിവാനന്ദന് (മുണ്ടിക്കല്‍താഴം), രാജേഷ് (പെരിന്തല്‍മണ്ണ).