ആറുവയസുകാരിക്ക് അമീബിക് മസ്തിഷ്കജ്വരം
Tuesday, October 7, 2025 1:03 AM IST
കോഴിക്കോട്: മലബാറില്‍ വീണ്ടും അമീബിക് മസ്തിഷ്കജ്വരം. മെഡിക്കല്‍ കോളജ് മാതൃ-ശിശു സംരക്ഷണകേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം മേല്‍മുറി സ്വദേശിനിയായ ആറുവയസുള്ള കുട്ടിക്കാണു രോഗം സ്ഥിരീകരിച്ചത്.
ശനിയാഴ്ചയാണു കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
നിലവില്‍ രണ്ടു കുട്ടികളാണു മെഡിക്കല്‍ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് കൊയിലാണ്ടിയില്‍നിന്നുള്ള 39കാരിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. നിലവില്‍ മാതൃ-ശിശു സംരക്ഷണകേന്ദ്രത്തില്‍ രണ്ടു കുട്ടികള്‍ അടക്കം ആറുപേരാണ് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്.