ഡോക്ടര്‍മാര്‍ക്കെതിരായ നടപടി യഥാര്‍ഥ പ്രശ്നങ്ങള്‍ മറച്ചുവയ്ക്കാൻ: കെജിഎംഒഎ
Tuesday, October 7, 2025 1:52 AM IST
കോഴിക്കോട്: ആരോഗ്യമേഖല നേരിടുന്ന യഥാര്‍ഥ പ്രശ്നങ്ങള്‍ മറച്ചുവയ്ക്കാനും അതിനെതിരേ ഉണ്ടാവാനിടയുള്ള പൊതുജന വികാരം തടയാനുമാണ് പാലക്കാട് സംഭവത്തില്‍ ഡോക്ടര്‍മാരെ ബലിയാടാക്കുന്ന നടപടി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് (കെജിഎംഒഎ).
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ സംഘടന ശക്തമായി പ്രതിഷേധിച്ചു. ചികിത്സയില്‍ സംഭവിക്കാവുന്ന അപൂര്‍വമായ സങ്കീര്‍ണതയെ, ചികിത്സാപ്പിഴവായി വ്യാഖ്യാനിച്ച് ഡോക്ടര്‍മാരെ ബലിയാടാക്കാനുള്ള ശ്രമം ഒരുതരത്തിലും അംഗീകരിക്കാന്‍ ആവില്ല.
ഡോക്ടര്‍മാര്‍ക്ക് ഈ വിഷയത്തില്‍ യാതൊരു രീതിയിലുള്ള ചികിത്സാപ്പിഴവും ഉണ്ടായിട്ടില്ലെന്നും സാധ്യമായ എല്ലാ ചികിത്സയും കുട്ടിക്കു ലഭ്യമാക്കിയിട്ടുണ്ടെന്നും രണ്ടു വിദഗ്ധസമിതിയും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്.
സസ്പെന്ഷന് ഉത്തരവില്‍ പറഞ്ഞിരിക്കുന്നതുപോലെ ഏതെങ്കിലും രീതിയിലുള്ള ചികിത്സാ പ്രോട്ടോകോള്‍ ലംഘനം ഉണ്ടായിട്ടുള്ളതായി ഒരു രേഖയും ലഭ്യമല്ല. മാത്രവുമല്ല അസ്ഥിരോഗ ചികിത്സയില്‍ ഏതെങ്കിലും രീതിയിലുള്ള ചികിത്സാ പ്രോട്ടോകോള്‍ ആരോഗ്യവകുപ്പ് നാളിതുവരെ പുറപ്പെടുവിച്ചിട്ടുമില്ലെന്ന് അസോസിയേഷന് വ്യക്തമാക്കി.
ജനങ്ങള്‍ക്ക് ഏറ്റവും ഗുണകരമായ സേവനം നല്‍കുന്നതിന് ആവശ്യമായ മാനവ വിഭവശേഷിയോ, അടിസ്ഥാന സൗകര്യങ്ങളോ സംസ്ഥാനത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലും ലഭ്യമാക്കിയിട്ടില്ല.
ഡോക്ടര്‍ - രോഗി അനുപാതവും നിര്‍വചിക്കപ്പെട്ടിട്ടില്ല. ഈ വിഷയങ്ങളില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കും പൊതു സമൂഹത്തിനും അവകാശമുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. പി.കെ. സുനിലും ജനറല്‍ സെക്രട്ടറി ഡോ. ജോബിന് ജി. ജോസഫും പറഞ്ഞു.
യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാതെ എടുത്തുചാടിയുള്ള അച്ചടക്ക നടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കി യാഥാര്‍ഥ്യം കണ്ടെത്തണമെന്നും അവര്‍ പറഞ്ഞു.