അധ്യാപക നിയമനത്തിന് പണം: ശിക്ഷ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി
Tuesday, October 7, 2025 1:03 AM IST
കൊച്ചി: അധ്യാപക നിയമനത്തിനായി 50000 രൂപ വാങ്ങിയ സ്കൂള്‍ ഹെഡ്മാസ്റ്ററുടെ ശിക്ഷ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. അതേസമയം മൂവാറ്റുപുഴ വിജിലന്‍സ് കോടതി വിധിച്ച രണ്ട് വര്‍ഷം തടവുശിക്ഷ ഹൈക്കോടതി ഒരു വര്‍ഷമാക്കി കുറച്ചു.
പറവൂര്‍ കുഞ്ഞിത്തൈ ഔവര്‍ ലേഡി ഷെപ്പേര്‍ഡ് ആംഗ്ലോ ഇന്ത്യന്‍ എല്‍പി സ്കൂളിലെ അറബി അധ്യാപികയുടെ നിയമനത്തിന് പണം വാങ്ങിയതുമായി ബന്ധപ്പെട്ട് തൃശൂര്‍ അരിപ്പാലം പുതുശേരി സ്റ്റാന്‍ലി പിഗറസിന്റെ ശിക്ഷയാണ് ജസ്റ്റീസ് എ. ബദറുദ്ദീന്‍ ഭേദഗതി ചെയ്തത്.
സ്കൂള്‍ മാനേജരും ഹെഡ്മാസ്റ്ററും ചേര്‍ന്ന് അധ്യാപികയുടെ നിയമനത്തിന് നാലു തവണകളായി കൈക്കൂലി വാങ്ങിയതു വഴി ഔദ്യോഗിക കൃത്യവിലോപം നടത്തി എന്നായിരുന്നു പ്രോസിക്യൂഷന് കേസ്.