ശബരിമല സ്വർണപ്പാളി വിവാദം ; ഉണ്ണികൃഷ്ണൻ പോറ്റിയെ തള്ളി പത്മകുമാർ
Tuesday, October 7, 2025 1:03 AM IST
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്കു ബന്ധമുണ്ടായിരുന്ന തരത്തിലുള്ള വാദങ്ങൾ തള്ളി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ.
സ്വർണപ്പാളികള്‍ കൈമാറുന്നതിന് മുമ്പായി അന്ന് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന എ. പത്മകുമാറിന് ഉണ്ണികൃഷ്ണന് പോറ്റി ഇ മെയിൽ സന്ദേശം അയച്ചതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധങ്ങളെ അദ്ദേഹം തള്ളിയിരിക്കുന്നത്. പത്മകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലയളവിലാണ് ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ അഴിച്ചുകൊണ്ടുപോയത്.
സ്വർണപ്പാളി വിഷയത്തിൽ ബന്ധപ്പെട്ട് ഹൈക്കോടതി പ്രഖ്യാപിച്ച അന്വേഷണത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി താൻ വിദേശയാത്ര നടത്തിയിട്ടുണ്ടോയെന്നുള്ളതും അന്വേഷിക്കട്ടെയെന്നും പത്മകുമാർ പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റി ഇ മെയില്‍ അയച്ചത് തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. ദേവസ്വം ബോർഡ് പ്രസിഡന്റിനു നിരവധി ഇ മെയിലുകൾ വരാറുണ്ട്. ഹൈക്കോടതിയുടെ ഉത്തരവാദിത്വത്തിലും മേല്‍നോട്ടത്തിൽ നടക്കുന്ന അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ്.
വിഷയത്തില്‍ കൃത്യമായ അന്വേഷണം നടക്കണമെന്നാണ് തന്റെ ആഗ്രഹം. ദേവസ്വം ബോര്‍ഡ് വിജിലന്‍സിന് മറ്റു നടപടികളിലേക്കു കടക്കാന്‍ കഴിയാത്തതുകൊണ്ട് പ്രാഥമിക അന്വേഷണം നടത്തി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. അന്വേഷണം സത്യസന്ധമായി നടക്കും.
യഥാര്‍ഥ കുറ്റവാളികള്‍ ആരെന്ന് പുറത്തുവരും. അക്കാര്യത്തില്‍ തനിക്ക് യാതൊരു സംശയവുമില്ലെന്നും അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും പത്മകുമാർ മാധ്യമങ്ങളോടു പറഞ്ഞു.