സ്വര്‍ണപ്പാളി വിവാദം : കോണ്‍ഗ്രസ് വേദിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ജി. സുധാകരന്
Tuesday, October 7, 2025 1:03 AM IST
ആലപ്പുഴ: കേരളം വിവിധ മേഖലയില്‍ നമ്പര്‍ വണ്‍ ആണെന്നതിനെ കെ പി സി സി വേദിയില്‍ വിമര്‍ശിച്ച് മുതിര്‍ന്ന സി പി എം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്.
നമ്മള് നമ്പര്‍ വണ്‍ ആണെന്ന് എല്ലാവരും മത്സരിച്ച് പറയുകയാണെന്നും ഇതിനിടെ സ്വര്‍ണപ്പാളി മോഷണം അടക്കമുള്ള പല വൃത്തികെടുകളിലും നമ്മള് ഒന്നാമതാണെന്നും അദ്ദേഹം പറഞ്ഞു. കെ പിസിസി സാംസ്കാര സാഹിതി വേദിയില്‍ സംസ്കാരവും രാഷ്ട്രീയവും ഇന്ന് നാളെ എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴാണ് സുധാകരന് സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള വിമര്‍ശനം നടത്തിയത്.
കോണ്‍ഗ്രസുകാരെ കാണുമ്പോള്‍ കമ്യൂണിസ്റ്റുകാര്‍ കണ്ണടച്ച് നടക്കേണ്ടതുണ്ടോ എന്നു ചോദിച്ചാണ് ജി. സുധാകരന് പ്രസംഗം ആരംഭിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് വേദിയിലായാലും തനിക്ക് അഭിപ്രായം പറയുന്നതിന് തടസമൊന്നുമില്ലെന്നും പ്രസംഗിക്കാന്‍ വരുന്നവരെയൊക്കെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ ആരെങ്കിലും നോക്കുമോ എന്നും സുധാകരന് ചോദിച്ചു.
കമ്യൂണിസ്റ്റുകാര്‍ കമ്യൂണിസ്റ്റുകാരെ മാത്രമേ കാണൂ, കോണ്‍ഗ്രസുകാരെ കാണുമ്പോള്‍ കണ്ണടയ്ക്കണം, വഴിയില്‍ വീണാലും കുഴപ്പമില്ല. കണ്ണടയ്ക്കണം എന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ വ്യത്യസ്ത ആശയങ്ങള്‍ തമ്മിലുളള അനുരഞ്ജനം എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു.
ഒരു വീട്ടില്‍ത്തന്നെ പല പാര്ട്ടിക്കാര് കാണുമെന്നും അവര്‍ പരസ്പരം മിണ്ടാതിരിക്കുന്നത് നടക്കുന്ന കാര്യമല്ല. അങ്ങനെ നടക്കാനും പാടില്ലെന്നും അദ്ദേഹം പറഞ്ഞു.