പാലിയേക്കര ടോള്‍ വിലക്ക് വെള്ളിയാഴ്ച വരെ തുടരും
Tuesday, October 7, 2025 1:52 AM IST
കൊച്ചി: ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയിലെ പാലിയേക്കരയില്‍ ഹൈക്കോടതി ഏര്‍പ്പെടുത്തിയ ടോള്‍വിലക്ക് വെള്ളിയാഴ്ച വരെ തുടരും.
ഗതാഗതക്കുരുക്കും സുരക്ഷാപ്രശ്നങ്ങളും നിലവിലുണ്ടെന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണു ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റെ നടപടി.
യാത്രാദുരിതത്തിനു പരിഹാരം നിര്‍ദേശിക്കാന്‍ കോടതി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ മൂന്നു ദിവസത്തെ സമയം തേടി. തുടര്‍ന്നാണ് വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കാന്‍ മാറ്റിയത്.
പ്രശ്നങ്ങള്‍ക്കു പരിഹാരമായിട്ടില്ലെന്നും ടോള്‍പാതയിലെ ഗതാഗതപ്രശ്നം ഒരു മാറ്റവുമില്ലാതെ തുടരുന്നുവെന്നും തൃശൂര്‍ ജില്ലാകളക്ടര്‍ അര്ജുന് പാണ്ഡേ കോടതിയെ അറിയിച്ചു. കൂടാതെ ആഴത്തിലുള്ള കുഴികളുടെ വശങ്ങളിലെ ബാരിക്കേഡിംഗിന് പ്രശ്നമുണ്ട്.
സുരക്ഷാപ്രശ്നങ്ങള്‍ പരിഹരിച്ചിട്ടില്ല. നാലു വരി പാത ചെറിയ സര്‍വീസ് റോഡിലേക്ക് ചുരുങ്ങുന്ന സ്ഥലങ്ങളില്‍ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടെന്നും ഓണ്‍ലൈനായി ഹാജരായ കളക്ടര്‍ അറിയിച്ചു. എന്നാൽ, സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടെന്നും വാഹനം വീഴാന്‍ കാരണം അലക്ഷ്യമായ ഡ്രൈവിംഗാണെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം.
അതേസമയം, ബന്ധപ്പെട്ടവര്‍ പരസ്പരം പഴിചാരുമ്പോള്‍ പരാജയപ്പെടുന്നത് ജനങ്ങളാണെന്ന് കോടതി കുറ്റപ്പെടുത്തി. 65 കിലോമീറ്റര്‍ ദൂരത്തില്‍ അഞ്ചു കിലോമീറ്ററില്‍ മാത്രമാണ് കുരുക്കെന്ന് പറയുന്നു.
അങ്ങനെയെങ്കില്‍ ടോള്‍നിരക്ക് കുറച്ചുകൊടുക്കുന്നതടക്കം പരിഹാരമാര്‍ഗങ്ങളാണു തേടേണ്ടിയിരുന്നത്. പകരം ടോള്‍നിരക്ക് വര്‍ധിപ്പിച്ച് ഉത്തരവിടുകയാണു ചെയ്തതെന്നും കോടതി വിമർശിച്ചു.