അഗർത്തലയിൽനിന്നു റബറുമായി പോയ മലയാളിയുടെ ലോറി കാണാതായി
Tuesday, October 7, 2025 1:03 AM IST
ഇരിട്ടി: കണ്ണൂർ ഇരിട്ടിയിലെ പ്രിയ അസോസിയേറ്റിന്റെ ഉപസ്ഥാപനമായ ത്രിപുര അഗർത്തലയിലെ നോർത്ത് ഈസ്റ്റ് റബർ കമ്പനിയുടെ ഗോഡൗണിൽനിന്നു ചെന്നൈയിലെ പെരുമ്പത്തൂരിലെ അപ്പോളോ ടയേഴ്സിലേക്ക് 30 ടൺ റബറുമായിപോയ ലോറി അപ്രത്യക്ഷമായി.
ഓഗസ്റ്റ് 26ന് അഗർത്തലയിൽനിന്നു പുറപ്പെട്ട ടിഎസ് 25 ടി 1326 തെലുങ്കാന രജിസ്ട്രേഷൻ ലോറിയാണ് 65 ലക്ഷത്തോളം വിലവരുന്ന റബറുമായി അപ്രത്യക്ഷമായത്. അഗർത്തല നോർത്ത് ഈസ്റ്റ് കമ്പനി അധികൃതർ അഗർത്തല ബുജംനഗർ പോലീസിൽ പരാതി നൽകി.
പോലീസ് നടത്തിയ അന്വേഷണത്തിൽ സെപ്റ്റംബർ 30ന് തമിഴ്നാട് ആവഡിയിൽ ലോറിയുടെ ലോക്കേഷൻ കണ്ടെത്തിയെങ്കിലും പിന്നീട് ലോറിയേയും ലോറി ഡ്രൈവറെപ്പറ്റിയും വിവരങ്ങൾ ഒന്നുമില്ല. തെലുങ്കാന സ്വദേശിയായ ലോറി ഡ്രൈവറുടെ മൂന്നു ഫോൺ നമ്പറുകളും പ്രവർത്തനരഹിതമാണ്.
സാധാരണ അഗർത്തലയിൽനിന്നു ചെന്നൈയിലേക്ക് ഏഴു മുതൽ പതിനഞ്ച് ദിവസത്തിനുള്ളിൽ ലോഡ് എത്തേണ്ടതാണ്. ലോറി അഗർത്തലയിൽനിന്നു പുറപ്പെട്ട ശേഷം യാത്രയ്ക്കിടെ ലോറി ബ്രോക്ക്ഡൗണായി എന്ന വിവരം ട്രാൻസ്പോർട്ട് ഏജൻസിയിൽനിന്നു കമ്പനി ഉടമകൾക്ക് ലഭിച്ചിരുന്നു. പിന്നീട് ഒരു വിവരവും ലഭിക്കാഞ്ഞതിനെ തുടർന്നാണ് കമ്പനി മാനേജർ അഗർത്തല പോലീസിൽ പരാതി നൽകിയത്. കർഷകരിൽനിന്നു നേരിട്ട് സ്വീകരിക്കുന്ന റബർ ഗ്രേഡ് ഷീറ്റുകളാക്കി പ്രത്യേകം പ്രത്യേകം കെട്ടുകളാക്കിയാണ് ലോറിയിലേക്കു കയറ്റിയത്.
അഗർത്തലയിൽനിന്നും മേഘാലയ, ആസാം, പശ്ചിമബംഗാൾ, ഒഡീഷ, അന്ധ്ര സംസ്ഥാനങ്ങൾ വഴിയാണ് ചെന്നൈയിലേക്ക് എത്തുന്നത്. ആസാമിൽനിന്നോ ചെന്നൈയിൽനിന്നോ ഏജന്റുമാർ വഴി റബർ കൊള്ള ചെയ്യാനുള്ള സാധ്യതയാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
ഇങ്ങനെ കൊള്ളചെയ്യുന്ന റബർ കേരളത്തിലെ വിപണിയിലേക്കും എത്താനുള്ള സാധ്യതയുള്ളതിനാൽ റബർ കർഷകർ അല്ലാത്തവർ ഗ്രേഡ് റബറുമായി വരുന്നതു ശ്രദ്ധിക്കണമെന്നു കാണിച്ച് കമ്പനി അധികൃതർ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.