നാസാ സ്പേസ് ആപ്സ് ചലഞ്ച് ഹാക്കത്തണിന് സമാപനം
Tuesday, October 7, 2025 1:03 AM IST
കാഞ്ഞിരപ്പള്ളി: അമൽജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ് ഓട്ടോണമസിൽ നടന്ന നാസാ സ്പേസ് ആപ്സ് ചലഞ്ച് 2025 സമാപിച്ചു.
ലോകമെമ്പാടുമുള്ള 185 രാജ്യങ്ങളിലെ 15 വ്യത്യസ്ത സ്പേസ് ഏജൻസികളുമായി ചേർന്ന് സംഘടിപ്പിച്ച നാസാ സ്പേസ് ആപ്സ് ചലഞ്ചിൽ വിദ്യാർഥികൾ, ഗവേഷകർ, ഡെവലപ്പർമാർ, ഡിസൈനർമാർ, കലാകാരന്മാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ചു.
നാസായുടെ ഓപ്പൺ ഡാറ്റയെ അടിസ്ഥാനമാക്കി ബഹിരാകാശ സാങ്കേതികവിദ്യ, ഭൂമിശാസ്ത്രം, കാലാവസ്ഥാ മാറ്റങ്ങൾ, സുസ്ഥിര വികസനം തുടങ്ങി ആഗോള തലത്തിലുള്ള പ്രശ്നങ്ങൾക്ക് സൃഷ്ടിപരമായ പരിഹാരങ്ങൾ കണ്ടെത്തുകയെന്നതായിരുന്നു ഹാക്കത്തണിന്റെ ലക്ഷ്യം.
36 മണിക്കൂർ നീണ്ട ഹാക്കത്തണിൽ വിവിധ ജില്ലകളിൽ നിന്നായി 1800ലധികം സ്കൂൾ, കോളജ് വിദ്യാർഥികൾ പങ്കെടുത്തു. ലോകമെമ്പാടുമുള്ള 2800ലധികം വേദികളിൽ ഒരേ സമയം സംഘടിപ്പിച്ച ഈ മത്സരത്തിൽ രജിസ്ട്രേഷൻ നിരക്കിൽ അമൽജ്യോതി ആഗോളതലത്തിൽ നാലാം സ്ഥാനവും ഇന്ത്യയിൽ രണ്ടാം സ്ഥാനവും കേരളത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
സ്കൂൾ, കോളജ്, ജനറൽ വിഭാഗങ്ങളിലെ മികച്ച ടീമുകൾക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനത്തുകയും മറ്റു വിഭാഗങ്ങളിൽ മികവ് കാട്ടിയ ടീമുകൾക്ക് 40 ഓളം അവാർഡുകളും വിതരണം ചെയ്തു. കോളജ് തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം അമൽജ്യോതി എൻജിനിയറിംഗ് കോളജ് കരസ്ഥമാക്കിയപ്പോൾ, സ്കൂൾ തലത്തിൽ കോഴഞ്ചേരി സെന്റ് തോമസ് എച്ച്എസ്എസ് ഒന്നാം സ്ഥാനവും ആലപ്പുഴ ഇൻസ്പയർ ബ്രൈറ്റ് സ്കൂൾ രണ്ടാം സ്ഥാനവും ആനക്കല്ല് സെന്റ ആന്റണീസ് പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും നേടി. ജനറൽ തലത്തിൽ ജിജിവി എച്ച്എസ്എസ് പെരിന്തൽമണ്ണ, മാർ തോമ കോളജ് തിരുവല്ല, സെന്റ് ജോസഫസ് പബ്ലിക് സ്കൂൾ ആന്ഡ് ജൂനിയർ കോളജ് കാഞ്ഞിരപ്പള്ളി എന്നിവർ യഥാക്രമം ഒന്നു മുതൽ മൂന്നുവരെ സ്ഥാനങ്ങൾ നേടി.
കോളജിൽ നടന്ന സമ്മാനദാന ചടങ്ങിൽ കോളജ് ചെയർമാനും കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഡീൻ അക്കാദമിക് റവ.ഡോ. റൂബിൻ തോട്ടുപുറത്ത്, എംസിഎ വിഭാഗം മേധാവി ഡോ.ടി.കെ. ബിജിമോൾ, ഇവന്റ് ലോക്കൽ ലീഡും അസോസിയറ്റ് പ്രഫസറുമായ അനു ഏബ്രഹാം മാത്യു, അസിസ്റ്റന്റ് പ്രഫ. ജി.എസ്. അജിത്ത് എന്നിവർ പങ്കെടുത്തു.