ജനങ്ങളോടുള്ള അനാദരവെന്ന്; ക്ഷുഭിതനായി സ്പീക്കർ
Tuesday, October 7, 2025 1:03 AM IST
തിരുവനന്തപുരം: ബാനറുകളും പ്ലക്കാർഡുകളുമായി ചോദ്യോത്തരവേള തടസപ്പെടുത്തിയ പ്രതിപക്ഷാംഗങ്ങളോടു ക്ഷുഭിതനായി സ്പീക്കർ എ.എൻ. ഷംസീർ.
കാഴ്ച മറയ്ക്കുന്ന രീതിയിൽ ബാനർ ഉയർത്തിപ്പിടിച്ചതാണ് സ്പീക്കർക്ക് അലോസരമുണ്ടാക്കിയത്. സീറ്റുകളിൽ പോയിരിക്കാൻ പലതവണ അദ്ദേഹം പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടെങ്കിലും അവർ കൂട്ടാക്കിയില്ല.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്പോൾ അദ്ദേഹത്തെ കാണാൻ കഴിയുന്നില്ലെന്ന് സ്പീക്കർ പറഞ്ഞു. അവരോടു സീറ്റുകളിൽ പോയി ഇരിക്കാൻ പറയണമെന്നും പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടു. എന്നാൽ, സതീശൻ കേട്ടഭാവം പോലും കാണിച്ചില്ല.
പി.കെ. ബഷീറിനോട് നിങ്ങൾ മുതിർന്ന അംഗമല്ലേ അവരോടു ശാന്തരായിരിക്കാൻ പറയൂ എന്നും സ്പീക്കർ പറഞ്ഞു. ബഷീറും സ്പീക്കറുടെ അഭ്യർഥന ചെവിക്കൊണ്ടില്ല.
സംസ്ഥാനത്തെ ഗൗരവമേറിയ വിഷയങ്ങളാണു സഭയിൽ ചർച്ച ചെയ്യുന്നതെന്നും ചോദ്യോത്തരേവള തടസപ്പെടുത്തുന്നതു ശരിയായ രീതിയല്ലെന്നും ഇതു സഭയോടും ജനങ്ങളോടുമുള്ള അനാദരവാണെന്നും സ്പീക്കർ പറഞ്ഞു. പിന്നെയും ബഹളം തുടർന്നതോടെയാണു സഭാ നടപടികൾ നിർത്തിവയ്ക്കാൻ സ്പീക്കർ നിർബന്ധിതനായത്.