മത്സ്യബന്ധനത്തിന് വൻകിട യാനങ്ങൾ; ഡബ്ല്യുടിഒയിലെ ഇന്ത്യൻ നിലപാടിനു വിരുദ്ധം
Saturday, July 19, 2025 2:12 AM IST
കൊച്ചി: ബ്ലൂ ഇക്കോണമി നയത്തിന്റെ ഭാഗമായി മത്സ്യബന്ധന മേഖലയിൽ വൻകിട കന്പനികൾക്കു വലിയ ഇളവുകൾ നൽകാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം ലോക വ്യാപാര സംഘടനയിലെ (ഡബ്ല്യുടിഒ) ഇന്ത്യയുടെ നിലപാടിനു വിരുദ്ധമെന്ന് ആക്ഷേപം.
ഡബ്ല്യുടിഒയുടെ ജനീവയിലെയും അബുദാബിയിലെയും മിനിസ്റ്റീരിയൽ കോൺഫറൻസുകളിൽ വൻകിടക്കാർക്ക് മത്സ്യ സബ്സിഡി നൽകുന്നത് നിരുത്സാഹപ്പെടുത്തണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. എന്നാൽ പുതിയ ബ്ലൂ ഇക്കോണമി നയത്തിൽ മത്സ്യബന്ധനത്തിനായി വലിയ യാനങ്ങൾ വാങ്ങുന്നവർക്ക് 50 ശതമാനം സബ്സിഡി ലഭ്യമാക്കാനാണു കേന്ദ്രനീക്കം.
ഇവർക്ക് തുറമുഖങ്ങളിൽ ആവശ്യമായ സൗകര്യങ്ങളും ഒരുക്കും. മത്സ്യമേഖലയിൽ സബ്സിഡികൾ അധികമാകുന്നത് അമിത മത്സ്യബന്ധനത്തിലേക്കു നയിക്കുമെന്നതിനാൽ അവയെ നിരുത്സാഹപ്പെടുത്തണമെന്നതാണ് ലോക വ്യാപാര സംഘടനയുടെ പൊതുവായ നിലപാട്.
ഇന്ത്യയിൽ ആഴക്കടൽ മേഖലയിൽ വിദൂര മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആയിരത്തോളം ചെറുകിട ബോട്ടുകളുണ്ട്. 24 മീറ്ററിൽ താഴെ മാത്രം വലുപ്പമുള്ള ഈ ബോട്ടുകളാണ് രാജ്യത്തെ ഒന്പതിനം ട്യൂണകളെയും ഓലക്കൊടി, മുറപ്പടവൻ , മോത തുടങ്ങിയ വിവിധയിനം മത്സ്യങ്ങളെയും പിടിക്കുന്നത്.
ഏറെക്കുറെ സുസ്ഥിരമായ ഒരു മത്സ്യബന്ധന സംവിധാനമാണ് ഇവർ പിന്തുടരുന്നത്. കൊച്ചിയുടെ തീരം കേന്ദ്രീകരിച്ചാണ് ഇത്തരം മത്സ്യബന്ധന ബോട്ടുകളേറെയുമുള്ളത്. കേരളത്തിന്റെ തൊട്ടടുത്തുള്ള കന്യാകുമാരി ജില്ലയിലെ തുത്തൂർ മേഖലയിലെ മത്സ്യത്തൊഴിലാളികളും ഇതേ രീതിയിൽ മത്സ്യബന്ധനരംഗത്തുണ്ട്.
ഈ സുസ്ഥിര മത്സ്യബന്ധന മേഖലയിലേക്കു വൻകിടക്കാർക്ക് പ്രവേശനം അനുവദിച്ചാൽ പരന്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഗുരുതരമായ തൊഴിൽനഷ്ടമുണ്ടാകുമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് പറഞ്ഞു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിംഗിന് നിവേദനം നൽകിയതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ തീരത്തു 3.15 ലക്ഷം യാനങ്ങൾ
ഇന്ത്യൻ തീരത്തു മത്സ്യബന്ധനത്തിന് 3.15 ലക്ഷം യാനങ്ങൾ ഉണ്ടെന്നാണു കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച കണക്കിൽ പറയുന്നത്. അതേസമയം സുസ്ഥിര മത്സ്യബന്ധനത്തിന് രാജ്യത്ത് 97,000 യാനങ്ങൾ മതിയാകുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ആഴക്കടൽ മേഖലയിൽ യെല്ലോഫിൻ ട്യൂണ, സ്കിപ്ജാക്ക് ട്യൂണ തുടങ്ങിയ മത്സ്യങ്ങളെ സുസ്ഥിര മത്സ്യബന്ധനത്തിന്റെ പരിധിയിലധികമാണു പിടിക്കുന്നതെന്ന് ഇന്ത്യൻ ഓഷ്യൻ ട്യൂണ കമ്മീഷൻ (ഐഒടിസി) ചൂണ്ടിക്കാട്ടുന്നു. ബ്ലൂ ഇക്കോണമി നയത്തിലൂടെ കൂടുതൽ യാനങ്ങൾ എത്തിയാൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നു സാരം.