ഗിഫ്റ്റ് കാർഡ്, സമൃദ്ധി കിറ്റ്; സപ്ലൈകോയിൽ ‘ഓണപ്പരീക്ഷ’ണം
Saturday, July 19, 2025 2:12 AM IST
കൊച്ചി: ഓണത്തിന് നിത്യോപയോഗ സാധനങ്ങളുടെ വിപണി പിടിക്കാന്‍ സപ്ലൈകോ ഗിഫ്റ്റ് കാര്‍ഡുകളും സമൃദ്ധി കിറ്റുകളും തയാറാക്കും. 500, 1000 രൂപയുടെ ഗിഫ്റ്റ് കാര്‍ഡുകളും ഇതേ വിലയില്‍ പലവ്യഞ്ജനങ്ങളുടെ പ്രത്യേക കിറ്റുകളുമാണ് ഇക്കുറി സപ്ലൈകോ ഓണം സ്പെഷല്‍.
വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഓണസമ്മാനമായി ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങിനല്‍കാമെന്ന് അധികൃതര്‍ പറയുന്നു. ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് സംസ്ഥാനത്തെ ഏതു സപ്ലൈകോ ഔട്ട്ലറ്റുകളിലും ഓണം ഫെയറുകളിലുംനിന്നു സാധനങ്ങള്‍ വാങ്ങാം.
ഓണക്കിറ്റുകള്‍ നല്കുന്ന സംഘടനകള്‍ക്ക് അതിനു പകരമായി ഗിഫ്റ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാനാകും. ഇതിലൂടെ കൂടുതല്‍ പേരെ സപ്ലൈകോ ഔട്ട്ലെറ്റുകളിലേക്ക് എത്തിക്കാനാകുമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു.
ഉത്സവസീസണുകളിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായും ഗിഫ്റ്റ് കാര്‍ഡുകള്‍ക്ക് ആവശ്യക്കാരുണ്ടാകുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. മൂന്നുതരം ഓണക്കിറ്റുകളാണ് ഇക്കുറി സപ്ലൈകോ തയാറാക്കുക.
1000 രൂപയുടെ സമൃദ്ധി ഓണക്കിറ്റില്‍ അഞ്ചു കിലോ അരി, ഒരു കിലോ പഞ്ചസാര ഉള്‍പ്പെടെ 18 ഇനങ്ങളുണ്ടാകും. 500 രൂപയുടെ മിനി സമൃദ്ധി കിറ്റില്‍ മൂന്നു കിലോ അരിയുള്‍പ്പെടെ പത്തിനങ്ങള്‍. രണ്ടിലും തുണിസഞ്ചിയും കിട്ടും.
കഴിഞ്ഞ തവണ പരീക്ഷിച്ചുവിജയിച്ച ശബരി സിഗ്നേച്ചർ കിറ്റ് വിലയിലും ഇനങ്ങളിലും വ്യത്യാസം വരുത്തി ഇക്കുറിയുമുണ്ട്. അരിയില്ലാതെ ഒമ്പതിനങ്ങളുമായി സിഗ്നേച്ചര്‍ കിറ്റിന് വില 229 രൂപയാണ്.