പി.സി.ജോർജിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
Friday, July 18, 2025 2:42 AM IST
തൊടുപുഴ: വർഗീയ വിദ്വേഷ പ്രസംഗം നടത്തിയെന്ന പേരിൽ മുൻ എംഎൽഎയും ബിജെപി നേതാവുമായ പി.സി.ജോർജ്, എച്ച്ആർഡിഎസ് ഇന്ത്യ സെക്രട്ടറി അജി കൃഷ്ണൻ എന്നിവർക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം തൊടുപുഴ പോലീസ് കേസെടുത്തു.
ജോർജിനെ ഒന്നാം പ്രതിയാക്കിയും അജി കൃഷ്ണനെ രണ്ടാം പ്രതിയാക്കിയുമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിൽ സന്നദ്ധ സംഘടനയായ എച്ച്ആർഡിഎസ് ഇന്ത്യ തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജോർജിന്റെ വിവാദ പ്രസംഗം. ഇതിനെതിരേ യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ടി. അനീഷ് കാട്ടാക്കട മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകിയെങ്കിലും കേസെടുത്തില്ല. തുടർന്നു കോടതിയെ സമീപിക്കുകയായിരുന്നു.
ബുധനാഴ്ച കേസ് പരിഗണിച്ച തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തൊടുപുഴ പോലീസിനോട് കേസെടുക്കാൻ ഉത്തരവിട്ടത്.