കുട്ടിയാനയുടെ ആക്രമണത്തിൽ ദമ്പതികൾക്കു പരിക്ക്
Saturday, July 19, 2025 2:12 AM IST
കുറ്റ്യാടി: കുറ്റ്യാടി-കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാട്ട് കുട്ടിയാനയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. മുട്ടിച്ചിറയിൽ ഏബ്രഹാം (തങ്കച്ചൻ), ഭാര്യ ബ്രജീത്ത (ആനി) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെ തങ്കച്ചന്റെ വീട്ടുമുറ്റത്ത് എത്തിയ ആന ബ്രജീത്തയെ ഓടിച്ചു. ഇതു കണ്ട് ബഹളമുണ്ടാക്കി ഓടിവന്ന തങ്കച്ചനെ ആന ചവിട്ടി. റോഡിൽ വീണ തങ്കച്ചൻ റോഡിലൂടെ ഉരുണ്ട് രക്ഷപ്പെടുകയായിരുന്നു. വീഴ്ചയിൽ തങ്കച്ചന്റെ കൈക്കു പൊട്ടലേറ്റു. ഇരുവരും കുറ്റ്യാടി ആശുപത്രിയിൽ ചികിത്സയിലാണ്.
കുട്ടിയാനയെ പിടികൂടി ചൂരണിയിൽനിന്ന് ആനവളർത്തൽ കേന്ദ്രത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിനു മുന്നിൽ സിപിഎം ചാത്തൻകോട്ടുനട ലോക്കൽ കമ്മിറ്റി ഉപരോധ സമരം നടത്തിയിരുന്നു. തുടർന്ന് സ്ഥലത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ക്യാന്പ് ഏർപ്പെടുത്തി. പിന്നാലെ ആന കരിങ്ങാട് പ്രദേശത്തേക്കു മാറിയെന്നാണ് നിഗമനം.