വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവം: മന്ത്രിയുടെ ഓഫീസിലേക്കു ബിജെപി മാർച്ച്; സംഘർഷം
Saturday, July 19, 2025 2:12 AM IST
ചിറ്റൂർ: കൊല്ലത്തു സ്കൂൾവിദ്യാർഥി ഷോക്കേറ്റുമരിച്ച സംഭവത്തിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി ഈസ്റ്റ് ജില്ലാ കമ്മിറ്റി മന്ത്രിയുടെ ഓഫീസിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ ആദ്യം പോലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ കയറിനിന്നു മുദ്രാവാക്യം വിളിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നാലു ഘട്ടങ്ങളായാണ് ജലപീരങ്കി പ്രയോഗിച്ചത്.
ഇതിനിടെ ബാരിക്കേഡ് മറികടന്ന പ്രവർത്തകർക്കു നേരേ പോലീസ് ലാത്തിവീശി. അഞ്ചു പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. ആറു പ്രവർത്തകർക്കു പരിക്കേറ്റു.
തുടർന്നുനടന്ന പൊതുയോഗം ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥിയുടെ ഷോക്കേറ്റുള്ള മരണം പിണറായി സർക്കാരിന്റെ സ്പോൺസേഡ് കൊലപാതകമാണെന്നും ഒന്നാംപ്രതി കെഎസ്ഇബിയാണെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി എ.കെ. ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൻ. ഷണ്മുഖൻ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റുമാരായ മധു, ജി. പ്രഭാകരൻ, ടി. ബേബി, കെ. ബിന്ദു, കെ. വേണു, ഉഷ ബാലചന്ദ്രൻ, ജില്ലാ സെക്രട്ടറി സുമതി സുരേഷ്, മണ്ഡലം പ്രസിഡന്റുമാരായ രമേശ്, എ.കെ. മോഹൻദാസ്, എം. ശശികുമാർ, സുജിത്ത് നിർമൽ, കുമാർ ഗിരീഷ്, ബാബു ഷിനു, വിചിത്രൻ എന്നിവർ പ്രസംഗിച്ചു.