ധനവകുപ്പിനെതിരേ സിപിഐ കർഷകസംഘടന
Saturday, July 19, 2025 2:12 AM IST
റെനീഷ് മാത്യു
കണ്ണൂർ: സിപിഎം ഭരിക്കുന്ന ധനവകുപ്പിനെതിരേ സമരപ്രചാരണ കാന്പയിനുമായി സിപിഐയുടെ കർഷകസംഘടന. സിപിഐ കർഷകസംഘടനയായ അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിലാണ് ഓഗസ്റ്റിൽ സമരപരിപാടികൾക്കു തുടക്കംകുറിക്കുക.
കർഷക ക്ഷേമനിധി പെൻഷൻ പദ്ധതി നടപ്പാക്കുക, ഭൂമി തരംമാറ്റൽ വഴി സർക്കാരിന് ലഭിക്കുന്ന വരുമാനം കടാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരപ്രചാരണ കാന്പയിൻ ആരംഭിക്കുന്നത്.
സമരത്തിനു മുന്നോടിയായി സിപിഐ ഭരിക്കുന്ന കൃഷിവകുപ്പിൽ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചുള്ള കത്ത് കൈമാറിയിട്ടുണ്ട്. ഓഗസ്റ്റ് മുതൽ കർഷക ക്ഷേമപെൻഷൻ പദ്ധതി പ്രചാരണ കാന്പയിൻ ഉൾപ്പെടെയുള്ള സമരപരിപാടികളാണ് ആരംഭിക്കുന്നത്. കാർഷിക മേഖലയിൽ കൃഷിവകുപ്പ് നടപ്പാക്കുന്ന പല പദ്ധതികൾക്കും ധനവകുപ്പാണു തടസമെന്ന നിലയിലാണ് കാന്പയിൻ.
അഖിലേന്ത്യാ കിസാൻ സഭയുടെ സമരപ്രചാരണ കാന്പയിനെക്കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് തേടിയിട്ടുണ്ട്. സമരപ്രചാരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ചാണു വിവരം ശേഖരിച്ചിരിക്കുന്നത്.
കർഷകക്ഷേമ പെൻഷൻ പദ്ധതി നടപ്പാകാത്തത് ധനംവകുപ്പിന്റെ കടുത്ത എതിർപ്പാണെന്നാണു സിപിഐ ആരോപിക്കുന്നത്. പെൻഷൻ പദ്ധതി സർക്കാരിന് ബാധ്യതയാകുമെന്നാണു ധനകാര്യവകുപ്പ് റിപ്പോർട്ട് നല്കിയിരിക്കുന്നത്.
പെൻഷൻ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ നടത്തേണ്ട ഓഫീസുകളുടെ പ്രവർത്തനവും ഫണ്ടില്ലാത്തതിനാൽ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
കർഷക പെൻഷൻ പദ്ധതിയിൽ ചേർന്നവർക്ക് 2027 ജനുവരി മുതൽ പെൻഷൻ കൊടുത്തുതുടങ്ങേണ്ടതാണ്.
എന്നാൽ, തുകയിലും മറ്റാനുകൂല്യങ്ങൾ നല്കുന്നതിലും സർക്കാർ ഇതുവരെയും തീരുമാനമായിട്ടില്ല. ജൂലൈ 18 വരെ 18,450 പേരുടെ രജിസ്ട്രേഷൻ മാത്രമാണ് പൂർത്തിയായിരിക്കുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലയളവിൽ തുടക്കമിട്ട കർഷക ക്ഷേമനിധി പെൻഷൻ പദ്ധതിയാണ് തുടർഭരണത്തിനു കാരണമെന്നാണ് സിപിഐ വിലയിരുത്തുന്നത്.