ആറുലക്ഷം ഗ്രാമങ്ങളിൽ അതിവേഗ ബ്രോഡ്ബാൻഡ് ലഭ്യമാക്കാൻ പദ്ധതി
Friday, July 18, 2025 2:42 AM IST
എസ്.ആർ. സുധീർകുമാർ
കൊല്ലം: അടുത്ത മൂന്നു വർഷത്തിനുള്ളിൽ രാജ്യത്തെ ആറു ലക്ഷം ഗ്രാമങ്ങളെ അതിവേഗ ഒപ്റ്റിക്കൽ ഫൈബർ അധിഷ്ഠിത ബ്രോഡ്ബാൻഡ് നെറ്റ്വർക്കുമായി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതി. ഇതിനുള്ള നടപടികൾ ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻസ് ആരംഭിച്ചു കഴിഞ്ഞു.
നിലവിൽ ഗ്ലോബൽ കപ്പാസിറ്റി സെന്ററുകൾ (ജിസിസി) മുൻനിര നഗരങ്ങളിലാണു കേന്ദ്രീകരിച്ചിട്ടുള്ളത്. ഇത് രണ്ടാം നിരയിലെയും മൂന്നാം നിരയിലെയും പട്ടണങ്ങളിലേയ്ക്കു വ്യാപിപ്പിക്കാനാണു പദ്ധതി ലക്ഷ്യമിടുന്നത്.
മൂന്നു വർഷത്തിനുള്ളിൽ 2.5 ലക്ഷത്തോളം വരുന്ന എല്ലാ ഗ്രാമപഞ്ചായത്തുകളെയും അവയുമായി ബന്ധപ്പെട്ട ആറു ലക്ഷത്തിലധികം വില്ലേജുകളെയും അതിവേഗ ഫൈബർ നെറ്റ്വർക്കുമായി ബന്ധിപ്പിക്കും.
എല്ലാ ഗ്രാമ പഞ്ചായത്തുകളെയും വില്ലേജുകളെയും ഒപ്റ്റിക്കൽ ഫൈബർ കേബിൾ (ഒഎഫ്സി) ശൃംഖലയുമായി ബന്ധിപ്പിക്കാൻ 1.39 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാർ നീക്കി വച്ചിട്ടുള്ളത്. ഭാരത് നെറ്റിന്റെ മൂന്നാം ഘട്ടമായാണ് ഇതു നടപ്പാക്കുന്നത്.
സമീപഭാവിയിൽ തന്നെ രാജ്യത്ത് അതിവേഗ 6-ജി സേവനങ്ങൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ടെലികമ്യൂണിക്കേഷൻസ് വകുപ്പ്. ഇതിനു മുന്നോടിയായി രാജ്യത്താകമാനം നെറ്റ്വർക്ക് വേഗത വർധിപ്പിക്കുന്നതിന് മൊബൈൽ ടവറുകളെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുമായി ബന്ധിപ്പിക്കാനും ഈ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ.