മരണം മായ്ക്കാത്ത ഓർമകളിൽ കുഞ്ഞൂഞ്ഞ്
Saturday, July 19, 2025 2:12 AM IST
ജോമി കുര്യാക്കോസ്
പുതുപ്പള്ളി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ക്കു മുമ്പില്‍ പതിനായിരങ്ങളുടെ പ്രണാമം. ജനനായകന് അന്ത്യനിദ്രയുറങ്ങുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ കബറിടത്തില്‍ പുഷ്പാര്‍ച്ചനയുമായി തിരമാലകൾപോലെ ജനം ഇരച്ചെത്തി.
കെപിസിസിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, ചാണ്ടി ഉമ്മന്‍ തുടങ്ങിയവര്‍ ആരാധ്യനേതാവ് അന്ത്യവിശ്രമം കൊള്ളുന്ന കബറിടത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചാണു വേദിയിലെത്തിയത്.
തന്റെ ഗുരുവും വഴികാട്ടിയുമാണ് ഉമ്മന്‍ചാണ്ടിയെന്നും ക്രൂരമായ രാഷ്ട്രീയ അക്രമണവും തുടരെയുള്ള നുണകളുമാണ് അദ്ദേഹം നേരിട്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു.
ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ, ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍ എംപി, ദീപാ ദാസ് മുന്‍ഷി, സെക്രട്ടറി പി.വി. മോഹനന്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, രമേശ് ചെന്നിത്തല എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, സയ്യദ് സാദിഖലി ശിഹാബ് തങ്ങള്‍, സ്വാമി വീരശിവാനന്ദ, ജില്ലാ പഞ്ചായത്തംഗം രാധാ വി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ചാണ്ടി ഉമ്മന്‍ എംഎല്‍എ സ്വാഗതവും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നന്ദിയും പറഞ്ഞു.
കോണ്‍ഗ്രസിന്റെ ദേശീയ സംസ്ഥാന നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍, യുഡിഎഫ് നേതാക്കള്‍, മതമേലധ്യന്മാരും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ പങ്കെടുത്തു. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍, മകള്‍ മറിയം ഉമ്മന്‍, കൊച്ചുമകന് എഫിനോവ എന്നിവരും പങ്കെടുത്തു.
ഉമ്മന്‍ ചാണ്ടിയുടെ സ്മരണയ്ക്ക് കെപിസിസി ആരംഭിക്കുന്ന ‘സ്മൃതിതരംഗം’ ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന് പൂര്‍ത്തിയാക്കിയ 11 വീടുകളുടെ താക്കോല്‍ദാനവും ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി നിര്‍മിക്കുന്ന ഉമ്മന്‍ ചാണ്ടി സ്പോര്‍ട്സ് അരീന മീനടം സ്പോര്‍ട്സ് ടറഫിന്റെ നിര്‍മാണ ഉദ്ഘാടനവും നടന്നു.