കേരള രജിസ്ട്രാര്‍ നിയമനം; ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ എന്ന് രേഖ
Friday, July 18, 2025 2:42 AM IST
തിരുവനന്തപുരം: രജിസ്ട്രാര്‍ തസ്തികയില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ഡോ.കെ.എസ്. അനില്‍കുമാറിനെ ഇന്റര്‍വ്യു നടത്തി കേരള സര്‍വകലാശാല നേരിട്ട് നിയമിച്ചതാണെന്നും ഡെപ്യൂട്ടേഷന് വ്യവസ്ഥയിലല്ലെന്നുമുള്ള വാദം പൊളിയുന്നു.
അദ്ദേഹത്തിന് അന്യത്ര സര്‍വീസ്(ഡെപ്യൂട്ടേഷന്) അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവും ഡെപ്യൂട്ടേഷനിലാണെന്നു തെളിയിക്കുന്ന രേഖയും സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി പുറത്തുവിട്ടു.
അനില്‍ കുമാർ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കോളജില്‍ പ്രിന്‍സിപ്പലായി നിയമിക്കപ്പെട്ട ഉത്തരവിന്റെ പകര്‍പ്പും പുറത്തുവിട്ടിട്ടുണ്ട്.
കേരള, കാലിക്കട്ട് യൂണിവേഴ്സിറ്റി നിയമങ്ങളില്‍ മാത്രമാണ് ഡെപ്യൂട്ടേഷനിലുള്ള രജിസ്ട്രാർനിയമനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും മാത്രമേ പാടുള്ളൂ എന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളത്.
ഈ രേഖകളും സമിതി രാജ്ഭവനു കൈമാറി. എന്നാല്‍ യൂണിവേഴ്സിറ്റി അദ്ദേഹത്തിനു നല്കിയ നിയമന ഉത്തരവില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥ ബോധപൂര്‍വം ഒഴിവാക്കിയതായാണ് വിവരം.