സമഗ്രശിക്ഷാ കേരളം സാമ്പത്തിക പ്രതിസന്ധിയിൽ
Saturday, July 19, 2025 2:12 AM IST
ആലുവ: കേന്ദ്രഫണ്ട് അനുവദിക്കാത്തതിനെത്തുടർന്ന് പ്രതിസന്ധിയിലായ സമഗ്ര ശിക്ഷാ കേരളം (എസ്എസ്കെ) വിദ്യാഭ്യാസ പദ്ധതിയിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് ഫണ്ട് ശേഖരണം ആരംഭിച്ചു.
കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്തുകൾ എന്നിവ അതത് ട്രഷറി അക്കൗണ്ടിലേക്കും ജില്ലാ പഞ്ചായത്ത് ഫണ്ട് എസ്എസ്കെ ജില്ലാ ഓഫീസറുടെ അക്കൗണ്ടിലേക്കും അടയ്ക്കാനാണു നിർദേശം.
വിദ്യാഭ്യാസ ഉപജില്ലകളിൽ പ്രവർത്തിക്കുന്ന 168 ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലെ (ബിആർസി) ജീവനക്കാരാണ് ഫണ്ട് ശേഖരണത്തിനു മുന്നിട്ടിറങ്ങിയിരിക്കുന്നത്. അതത് മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും നടപ്പ് സാമ്പത്തികവർഷം പാസാക്കിയ ബജറ്റിൽ എസ്എസ്കെ വിഹിതം എന്നപേരിൽ തുക മാറ്റിവച്ചിട്ടുണ്ട്. അത് അടിയന്തരമായി ട്രഷറികളിലേക്ക് അടപ്പിക്കുന്ന പ്രവർത്തനങ്ങളാണു നടക്കുന്നത്.
എസ്എസ് കെയുടെ പ്രവർത്തനങ്ങൾക്കു ശമ്പളമടക്കം 60 ശതമാനം വിഹിതമാണു കേന്ദ്രസർക്കാർ വഹിക്കുന്നത്. ബാക്കി 40 ശതമാനം സംസ്ഥാന സർക്കാരും വഹിക്കും.
ദേശീയ വിദ്യാഭ്യാസ പ്രകാരമുള്ള പിഎംശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കാൻ കേരളം തയാറാകാതെ വന്നതോടെയാണ് എസ്എസ്കെ ഫണ്ട് കഴിഞ്ഞ രണ്ടു വർഷമായി കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുന്നത്. എന്നാൽ അടുത്ത തെരഞ്ഞെടുപ്പ് വരെയെങ്കിലും പദ്ധതി മുന്നോട്ടുകൊണ്ടു പോകാനാണ് വിദ്യാഭ്യാസവകുപ്പിന്റെ നീക്കം. ഈ മാസം 20 ഓടെ ധനസമാഹരണം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
നിലവിൽ ഓഫീസ് ജീവനക്കാരും അധ്യാപകരുമടങ്ങുന്ന ഏഴായിരത്തോളം ജീവനക്കാർക്ക് രണ്ടു മാസം കൂടുമ്പോൾ ഒരു മാസത്തെ ശമ്പളമാണു നൽകുന്നത്. ഇതു കാരണം ഡെപ്യൂട്ടേഷനിൽ വന്ന പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള അധ്യാപകർ ബിആർസികളിൽനിന്ന് വിദ്യാലയങ്ങളിലേക്കു മടങ്ങിപ്പോകുന്നതും വർധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ശമ്പളം വൈകുന്നതിനെതിരേ ബിആർസികളിലെ അധ്യാപകരൊഴികെയുള്ള ജീവനക്കാർ പണിമുടക്ക് നടത്തി. ഇതേത്തുടർന്ന് മേയ് മാസത്തെ ശമ്പളം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് എസ്എസ്കെ തുക ലഭിക്കുന്ന മുറയ്ക്ക് ജൂൺ മാസത്തെ ശമ്പളവും വിദ്യാർഥികളുടെ സൗജന്യ യൂണിഫോമും വിതരണം ചെയ്യും.