ആന്റണിയെ "അഞ്ജന'ത്തിൽ സന്ദർശിച്ച് രാഹുൽ
Saturday, July 19, 2025 2:12 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തലമുതിർന്ന നേതാവ് എ.കെ. ആന്റണിയെ തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിലെത്തി കണ്ട് കുശലാന്വേഷണവും രാഷ്ട്രീയചർച്ചയും നടത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
സംഭാഷണത്തിനിടെ, ഡൽഹിയിലുള്ള സോണിയ ഗാന്ധിയെ വീഡിയോ കോളിൽ വിളിച്ച് ആന്റണിക്കു നൽകാനും രാഹുൽ മറന്നില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡൽഹിയിൽ എത്താത്തതിനാൽ ഏറെ മിസ് ചെയ്യുന്നതായി സോണിയ ഗാന്ധി പറഞ്ഞു.
തനിക്ക് നടുവേദനയും കഴുത്തുവേദനയും അടക്കം ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാലാണ് ഡൽഹി യാത്ര ഒഴിവാക്കുന്നതെന്ന് ആന്റണി മറുപടി പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.05നാണ് വഴുതക്കാട് ഈശ്വരവിലാസം റോഡിലെ അഞ്ജനത്തിൽ കേരളത്തിലെ പ്രമുഖ നേതാക്കൾക്കൊപ്പം രാഹുൽ ഗാന്ധി എത്തിയത്.
എ.കെ. ആന്റണിയും ഭാര്യ എലിസബത്തും ഇളയ മകൻ അജിത്ത് ആന്റണിയും ചേർന്ന് രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. ആന്റണിയുടെ ആരോഗ്യവിവരങ്ങളാണ് രാഹുൽ ആദ്യം ചോദിച്ചറിഞ്ഞത്. താൻ നേരിടുന്ന കടുത്ത ആരോഗ്യപ്രശ്നങ്ങൾ ആന്റണി വിശദമായി വിവരിച്ചു. ഇതിനാലാണ് ഡൽഹിയിലേക്ക് എത്താൻ കഴിയാത്തതെന്ന് ആന്റണി വിശദീകരിച്ചു. പിന്നാലെയാണ് സോണിയാഗാന്ധിയെ രാഹുലിന്റെ ഫോണിൽ തന്നെ വിളിച്ചുനൽകിയത്.
കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നയരൂപീകരണത്തിൽ ഹൈക്കമാൻഡിന്റെ നെടുംതൂണായി നിന്ന ആന്റണിയുമായി സോണിയ ഗാന്ധിയുടെ ഫോണിൽ കുശലാന്വേഷണം. ഡൽഹിയിലേക്കു വരാൻ ആരോഗ്യം അനുവദിക്കുന്നില്ലെങ്കിലും വെള്ളയന്പലത്തെ കെപിസിസി ഓഫീസായ ഇന്ദിരാ ഭവനിലേക്ക് മിക്കവാറും ദിവസങ്ങളിൽ പോകാറുണ്ടെന്ന് ആന്റണി പറഞ്ഞു. ആരോഗ്യം അനുവദിക്കാത്തതിനാൽ പൊതുപരിപാടികളും ഒഴിവാക്കിയിട്ടുണ്ടെന്നും ആന്റണി പറഞ്ഞു.
തുടർന്ന് എക്കാലത്തെയും സന്തത സഹചാരിയായിരുന്ന ഉമ്മൻ ചാണ്ടിയും സംസാരമധ്യേയെത്തി. അടുത്തിടെ അന്തരിച്ച മുൻ കെപിസിസി പ്രസിഡന്റുമാരായ സി.വി. പത്മരാജനും തെന്നല ബാലകൃഷ്ണപിള്ളയും ചർച്ചകളിൽ ഇടം നേടി.
എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ദീപാദാസ് മുൻഷി, കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ, യുഡിഎഫ് കണ്‍വീനർ അടൂർപ്രകാശ് എംപി, കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല, രാജ് മോഹൻ ഉണ്ണിത്താൻ എംപി തുടങ്ങിയവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. തുടർന്ന് മറ്റൊരു മുറിയിൽ കതകടച്ച് എ.കെ. ആന്റണിയും രാഹുൽ ഗാന്ധിയുമായി ചർച്ച. മറ്റൊരു മുതിർന്ന നേതാവിനെയും കയറ്റാതെ ഇരുവരും മാത്രമായുള്ള ചർച്ച 10 മിനിറ്റിലേറെ നീണ്ടു.
35 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം 3.40നു രാഹുലും സംഘവും പുറത്തക്ക്. തുടർന്ന് കാച്ചാണിയിലെ തെന്നല ബാലകൃഷ്ണപിള്ളയുടെ വീട്ടിലേക്ക്. ഇവിടെയും തെന്നലയുടെ മകളുമായും പേരക്കുട്ടികളുമായും രാഹുൽ ഗാന്ധി ഏറെ നേരം സംസാരിച്ച ശേഷമാണ് തിരുവനന്തപുരം വിമാനത്താവളം വഴി ഡൽഹിക്കു മടങ്ങിയത്.
രാവിലെ കോട്ടയത്തെ ഉമ്മൻ ചാണ്ടി അനുസ്മരണത്തിനു ശേഷം എംസി റോഡ് മാർഗം കൊട്ടാരക്കരയിലെത്തി തുടർന്ന് ചാത്തന്നൂർ വഴി പരവൂരിലെ സി.വി. പത്മരാജന്റെ വസതിയിലെത്തി ഭാര്യയും ബന്ധുക്കളുമായി സംസാരിച്ചു. ശേഷം തിരുവനന്ത പുരത്തെത്തി.
നിലന്പൂർ വിജയത്തിൽ അമിത ആത്മവിശ്വാസം പാടില്ലെന്ന് ആന്റണി
തിരുവനന്തപുരം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്വലവിജയം നേടിയെങ്കിലും അതിന്റെ പേരിൽ അമിത ആത്മവിശ്വാസം പാടില്ലെന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഉപദേശിക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി.
ആത്മവിശ്വാസം അമിതമായാൽ അതു രാഷ്ട്രീയമായി അപകടമുണ്ടാക്കുമെന്നും ഒപ്പമുണ്ടായിരുന്ന നേതാക്കളോടു കൂടി രാഹുലിന്റെ സാന്നിധ്യത്തിൽ ഉപദേശം നൽകാനും ആന്റണി മറന്നില്ല.
സംസ്ഥാനത്തു കടുത്ത ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും സിപിഎമ്മിന്റെയും ബിജെപിയുടെയും സംഘടനാശക്തിയെ കുറച്ചു കാണരുതെന്നും ആന്റണി ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ സാഹചര്യത്തിൽ മാനസികമായി രണ്ട് പാർട്ടികളും വലിയ ഐക്യത്തിലാണ്. ഇതു മുൻകൂട്ടി കണ്ടു വേണം പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ. രണ്ടു പാർട്ടികളും പരമാവധി പ്രവർത്തനം നടത്താൻ ശ്രമിക്കും. ഇതു മനസിലാക്കി ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകണം. കേരളത്തിൽ യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമുണ്ട്.
യുഡിഎഫ് വിപുലീകരണം നടത്തുന്ന കാര്യത്തിലും ഒരു കണ്ണു വേണമെന്നു രാഹുൽ ഗാന്ധിയും പറഞ്ഞു. കേരള കോണ്‍ഗ്രസ്-എമ്മിനെ പോലുള്ള പാർട്ടികളെ യുഡിഎഫിലേക്കു കൊണ്ടുവരാൻ ശ്രമം വേണം. എന്നാൽ, അമിത പരിഗണന ഈ വിഷയത്തിൽ നൽകേണ്ടതില്ല.
തദ്ദേശ തെരഞ്ഞെടുപ്പു മുന്നൊരുക്കത്തിനാകണം പ്രഥമ പരിഗണനയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തുടർന്നായിരുന്നു ആന്റണിയും രാഹുൽഗാന്ധിയും മാത്രമായി അടച്ചിട്ട മുറിയിൽ പത്തു മിനിറ്റിലേറെ നീണ്ട രാഷ്ട്രീയ ചർച്ച നടന്നത്.