ട്രെയിനുകള്‍ കൂട്ടിമുട്ടാതിരിക്കാന്‍ കവച് വരുന്നു
Friday, July 18, 2025 2:42 AM IST
തിരുവനന്തപുരം: എറണാകുളം സൗത്ത് മുതല്‍ ഷൊര്‍ണൂര്‍ ജംഗ്ഷന് വരെയുള്ള റെയില്‍ പാതയില്‍ കവച് സുരക്ഷാ സംവിധാനം വരുന്നു.
പദ്ധതി നടപ്പാക്കാനുള്ള കരാര്‍ കേരള റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന്, എസ്എസ് റെയില്‍ സംയുക്ത സംരംഭത്തിനു ലഭിച്ചു. 105.80 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി 18 മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് കരാര്‍.
എറണാകുളം സൗത്ത് മുതല്‍ ഷൊര്‍ണൂര്‍ ജംഗ്ഷന് വരെ 106.8 കിലോമീറ്ററാണ് പദ്ധതിയുടെ ദൈര്‍ഘ്യം.ട്രെയിനുകള്‍ കൂട്ടിമുട്ടുന്നത് ഒഴിവാക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേയ്ക്കു വേണ്ടി റിസര്‍ച്ച് ഡിസൈന്‍ ആൻഡ് സ്റ്റാന്‍ഡേര്‍ഡ് ഓര്ഗനൈസേഷന് വികസിപ്പിച്ച സംവിധാനമാണ് കവച്.
സെന്‍സറുകളും ജിപിഎസ് സംവിധാനവും വാര്‍ത്താവിനിമയ സംവിധാനവും ഉള്‍പ്പെടുന്നതാണ് കവച്.
ട്രെയിനുകള്‍ കൂട്ടിമുട്ടാനുള്ള സാധ്യത യഥാസമയം കണ്ടെത്തുകയും സ്വമേധയാ തടയുകയും ചെയ്യുന്നതാണ് ഈ സംവിധാനം.പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കെ റെയില്‍ മാനേജിംഗ് ഡയറക്ടറുടെ ചുമതലയുള്ള ബിസിനസ്, ഡെവലപ്മെന്റ് ആൻഡ് ഫിനാന്‍സ് ഡയറക്ടര്‍ വി. അജിത് കുമാര്‍ പറഞ്ഞു.
കേരളത്തില്‍ കവച് സുരക്ഷാ സംവിധാനം നടപ്പിലാകുന്ന ആദ്യ സെക്ടറായിരിക്കും ഇത്. എറണാകുളം മുതല്‍ വള്ളത്തോള്‍ നഗര്‍ വരെയുള്ള സെക്ടറില്‍ ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനു പിന്നാലെയാണ് പുതിയ പദ്ധതി.
ഓട്ടോമാറ്റിക് സിഗ്നലിംഗ് പദ്ധതി നടപ്പാക്കുന്നത് കെ റെയില്‍ ആര്‍വിഎന്‍എല്‍ സഖ്യമാണ്. സെക്ഷനില്‍ ഉടനീളം ടെലികോം ടവറുകളും ഓപ്റ്റിക്കല്‍ ഫൈബര്‍ കേ ബിളുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും.