ഭക്ഷണശാലകളിൽ റെയിൽവേ പോലീസിന്റെ മിന്നൽ പരിശോധന
Saturday, July 19, 2025 2:12 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകൾക്കു സമീപം പ്രവർത്തിക്കുന്ന കേറ്ററിംഗ് സ്റ്റാളുകളിലും ഐആർസിടിസി ഭക്ഷണശാലകളിലും റെയിൽവേ പോലീസ് മിന്നൽ പരിശോധന നടത്തി.
പാചകശാലകളിലെ ശുചിത്വം, ശുദ്ധജല വിതരണം, പാക്കേജിംഗിന്റെ സുരക്ഷിതത്വം എന്നിവ പരിശോധിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.
വന്ദേഭാരത് എക്സ്പ്രസിൽ നൽകിയ ഭക്ഷണത്തിന്റെ ശുചിത്വം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലും റെയിൽവേ യാത്രക്കാർക്കിടയിലും വ്യാപകമായ വാർത്ത വന്ന പശ്ചാത്തലത്തിലായിരുന്നു പരിശോധന.
നിരീക്ഷണം ശക്തമാക്കുമെന്നും മിന്നൽ പരിശോധന തുടരുമെന്നും റെയിൽവേ എസ്പി അറിയിച്ചു. ഇത്തരം പ്രശ്നം ശ്രദ്ധയിൽ പെട്ടാൽ ജനങ്ങളും യാത്രക്കാരും ഉടൻ സമീപത്തെ റെയിൽവേ പോലീസ് സ്റ്റേഷനിൽ അറിയിക്കണം.