കേരള സര്‍വകലാശാലയിൽ പോരിന് ശമനം
Saturday, July 19, 2025 2:12 AM IST
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ മൂന്നാഴ്ച നീണ്ടുനിന്ന അധികാരത്തര്‍ക്കത്തിനു പരിഹാരമാകുന്നു. സര്‍ക്കാര്‍ ഇടപെട്ടതോടെയാണ് സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ - രജിസ്ട്രാര്‍ പോര് അവസാനിപ്പിക്കാന്‍ വഴിയൊരുങ്ങുന്നത്.
സമവായ ചര്‍ച്ചകള്‍ക്കായി ഇന്നലെ വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് ഇന്നലെ ഉച്ചയോടെ വിസി മന്ത്രിയുടെ വസതിയിലെത്തിയത്. കൂടിക്കാഴ്ച അരമണിക്കൂറിലേറെ നീണ്ടു.
വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മലുമായി താന്‍ സംസാരിച്ചെന്നും അദ്ദേഹം സര്‍വകലാശാലയിലേക്ക് തിരികെ വന്നത് ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണെന്നും മന്ത്രി പിന്നീട് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
കേരള സര്‍വകലാശാലയിലേക്ക് വൈസ് ചാന്‍സലര്‍ തിരികെയെത്തിയത് താന്‍ വിളിച്ചു സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ്. പ്രശ്നം പരിഹരിക്കാന്‍ ഇടപെടല്‍ നടക്കുന്നുണ്ട്. വിസിയുമായും സിന്ഡിക്കറ്റുമായും സംസാരിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ ഗവര്‍ണറുമായും സംസാരിക്കും. വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടില്ല. രജിസ്ട്രാര്‍ ആരെന്നു നിയമം നോക്കിയാല്‍ അറിയാമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു.
സര്‍വകലാശാലയില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് മന്ത്രി വിസിയോട് നേരിട്ട് ആവശ്യപ്പെട്ടതായാണ് വിവരം. അതേസമയം, ഗവര്‍ണറെ അപമാനിച്ചതിനെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട രജിസ്ട്രാര്‍ ചില സിന്‍ഡിക്കറ്റ് അംഗങ്ങളുടെ പിന്‍ബലത്തില്‍ ഓഫീസില്‍ അനധികൃതമായി ഹാജരാകുന്നത് ഗവര്‍ണറോടുള്ള അനാദരവാണെന്ന് വിസി പറഞ്ഞു. രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത ഉത്തരവ് അംഗീകരിക്കാതെ യാതൊരു ഒത്തുതീര്‍പ്പ് വ്യവസ്ഥയും അംഗീകരിക്കാനാവില്ലെന്നും വിസി മന്ത്രിയെ അറിയിച്ചതായാണു വിവരം.
20 ദിവസത്തിനു ശേഷമാണ് വിസി ഡോ. മോഹനന് കുന്നുമ്മല്‍ ഇന്നലെ ഓഫീസിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് രണ്ടു പോലീസ് വാഹനങ്ങളുടെ അകമ്പടിയിലായിരുന്നു യാത്ര. സര്‍വകലാശാല വളപ്പില്‍ മുന്നൂറോളം പോലീസുകാര്‍ സുരക്ഷാവലയം ഒരുക്കിയിരുന്നു.
മുഖ്യശത്രുവായ വിസിയെ സര്‍വകലാശാലയുടെ പടി ചവിട്ടാന്‍ അനുവദിക്കില്ലെന്നായിരുന്നു വിദ്യാര്‍ഥി സംഘടനയായ എസ്എഫ്ഐയുടെ നിലപാടെങ്കിലും ഇന്നലെ പ്രതിഷേധം ഉണ്ടായില്ല. മറ്റു വിദ്യാര്‍ഥി സംഘടനകളും ഇന്നലെ പ്രതിഷേധ പരിപാടികളില്‍നിന്നു പൂര്‍ണമായും വിട്ടുനിന്നു.
സര്‍വകലാശാലകളുടെ പ്രവര്‍ത്തനം താറുമാറായതും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ വൈസ്ചാന്സലറിന് ഒപ്പുവയ്ക്കാനാകാതെ കെട്ടിക്കിടക്കുന്നതും വലിയ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. ഇത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു കോട്ടം വരുത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിപിഎം നിര്‍ദേശ പ്രകാരം എസ്എഫ്ഐ പ്രവര്‍ത്തകര്‍ സമരരംഗത്തുനിന്ന് വിട്ടുനിന്നതെന്നാണ് വിവരം.
അതേസമയം, ഭാരിച്ച ഉത്തരവാദിത്വങ്ങളും ജോലികളുമാണ് ഇന്നലെ വിസിയെ കാത്തിരുന്നത്. ഓഫീസിലെത്തിയ വിസി വിവിധ പരീക്ഷകളിലെ 1838 വിദ്യാര്‍ഥികളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പുവച്ചു.
പിഎച്ച്ഡി ഫയലുകള്‍ക്കും രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ. മിനി കാപ്പന് നല്കിയ ഫയലുകള്‍ക്കും വൈസ് ചാന്‍സലര്‍ അംഗീകാരം നല്കി. ഉന്നതവിദ്യാഭ്യാസ മന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ യോഗത്തിലും വിസി ഓണ്‍ലൈനായി പങ്കെടുത്തു.
അതേസമയം, സസ്പെന്‍ഡ് ചെയ്യപ്പെട്ട രജിസ്ട്രാര്‍ അനില്‍കുമാര്‍ ഇന്നലെ ഓഫീസിലെത്തി കുറച്ചു സമയം ചെലവിട്ടശേഷം തിരികെ പ്പോയി.
കേരള സര്‍വകലാശാലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇന്നു മന്ത്രി ഗവര്‍ണറെ കണ്ടേക്കുമെന്നാണ് സൂചന. വൈസ് ചാന്‍സലറുമായും ചര്‍ച്ച നടന്നേക്കും. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം രജിസ്ട്രാറുടെ സസ്പെന്ഷന് നടപടിയില്‍ സമവായം ഉണ്ടാകും. സിന്‍ഡിക്കറ്റ് യോഗം ചേര്‍ന്ന് കൂടുതല്‍ ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ക്ക് പൂര്‍ണ പരിഹാരം കണ്ടെത്താനാണ് നീക്കം.
രജിസ്ട്രാര്‍ക്കെതിരേ പരാതി നല്കി: വിസി
തിരുവനന്തപുരം: സര്‍വകലാശാലയില്‍ നിന്നു സസ്പെന്‍ഡ് ചെയ്യപ്പെട്ട ഒരാള്‍ ഇടിച്ചുകയറി ഓരോ ഫയലും നോക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നു കേരള വിസി ഡോ. മോഹനന് കുന്നുമ്മല്‍. ഒരാള്‍ ക്രിമിനല്‍ കുറ്റം ചെയ്യുമ്പോള്‍ അത് എങ്ങനെയാണ് അംഗീകരിക്കാനാകുന്നത്. ഇതുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വിസി പറഞ്ഞു.