വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, മകളുടെ സംസ്കാരം ഷാര്‍ജയില്‍
Friday, July 18, 2025 2:42 AM IST
കൊച്ചി: ഷാര്‍ജയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കൊല്ലം കുണ്ടറ സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ച് അമ്മയ്ക്കു കൈമാറാനും മകള്‍ വൈഭവി (ഒരു വയസ്) യുടെ മൃതദേഹം ഷാര്‍ജയില്‍ സംസ്കരിക്കാനും ധാരണയായി. ഇത് അഭിഭാഷകര്‍ ഹൈക്കോടതിയെ അറിയിച്ചു.
തുടര്‍ന്ന് വിപഞ്ചികയുടെ മൃതദേഹം വൈകാതെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനും യുഎഇ കോണ്‍സുലേറ്റ് ജനറലിനും ജസ്റ്റീസ് എന്‍. നഗരേഷ് നിര്‍ദേശം നല്കി. ഉത്തരവിന്റെ പകര്‍പ്പ് ഉടന്‍ ബന്ധപ്പെട്ടവര്‍ക്കു കൈമാറണമെന്നും നിര്‍ദേശിച്ചു.
വിപഞ്ചികയുടെയും മകളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നതടക്കം ആവശ്യപ്പെട്ട് വിപഞ്ചികയുടെ മാതൃസഹോദരി എസ്. ഷീല സമര്‍പ്പിച്ച ഹര്‍ജിയിലാണ് കക്ഷികള്‍ ഇക്കാര്യം അറിയിച്ചത്.
വിപഞ്ചികയുടെ ഭര്‍ത്താവ് കോട്ടയം പനച്ചിക്കാട് സ്വദേശി നിധീഷ് മോഹനെ കോടതി കേസില്‍ കക്ഷിചേര്‍ത്തിരുന്നു. മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതു സംബന്ധിച്ച് യുവതിയുടെ വീട്ടുകാരും നിധീഷിന്റെ വീട്ടുകാരും തമ്മില്‍ ധാരണയിലെത്തിയതായി അഭിഭാഷകര്‍ കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇക്കാര്യം രേഖപ്പെടുത്തി നിര്‍ദേശങ്ങള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.