ആശ്രിതനിയമനങ്ങൾ പരിധി ലംഘിച്ചു; പുനഃപരിശോധിക്കാൻ സർക്കാർ
Saturday, July 19, 2025 2:12 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ വകുപ്പുകളിൽ ക്വോട്ട ലംഘിച്ചു നടത്തിയ ആശ്രിത നിയമനങ്ങൾ പുനഃപരിശോധിക്കാൻ സർക്കാർ. ആശ്രിത നിയമനം പല വകുപ്പുകളിലും അഞ്ച് ശതമാനത്തിൽ കൂടുതലായ സാഹചര്യത്തിലാണ് പുനഃപരിശോധിക്കാൻ സർക്കാർ കർശന നിർദേശം നൽകിയത്.
ആശ്രിത നിയമനങ്ങൾ തൽക്കാലം നിർത്തിവയ്ക്കാനും കണക്കെടുക്കാനുമാണ് പൊതുഭരണ വകുപ്പ് എല്ലാ വകുപ്പ് മേധാവികളോടും സർക്കുലറിലൂടെ നിർദേശിച്ചത്.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് അടിയന്തര നടപടി. വിവിധ വകുപ്പുകളിൽ നിന്നുള്ള കണക്കുകൾ പരിശോധിച്ചപ്പോൾ, പല വകുപ്പുകളും 5% ആശ്രിത നിയമന ക്വോട്ട കണക്കാക്കിയത് തെറ്റായ രീതിയിലാണെന്ന് സർക്കാർ കണ്ടെത്തി. ഇതിനെ തുടർന്നാണ്, നിയമനങ്ങൾ പുനഃപരിശോധിച്ചു കൃത്യമായ റിപ്പോർട്ട് സമർപ്പിക്കാൻ കർശന നിർദേശം നൽകിയത്.
ഒരു വർഷമുണ്ടാകുന്ന ആകെ ഒഴിവുകളുടെ 5% മാത്രമാണ് ആശ്രിത നിയമനത്തിനായി മാറ്റിവയ്ക്കേണ്ടതെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിച്ചിരുന്നു. ട്രൈബ്യൂണൽ വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചിരുന്നു.
ഓരോ വർഷവുമുണ്ടാകുന്ന ആകെ ഒഴിവുകളിൽ അഞ്ച് ശതമാനത്തിൽ കൂടുതൽ ആശ്രിത നിയമനം നടത്തിയിട്ടുണ്ടോ എന്നു പുനഃപരിശോധിക്കും. നേരിട്ടുള്ള നിയമനത്തിനായി മാറ്റിവച്ച ഒഴിവുകളിൽ നിന്നാണ് ആശ്രിത നിയമനത്തിനുള്ള ക്വോട്ട കണക്കാക്കേണ്ടത്.
ജില്ലാ- സംസ്ഥാന തലത്തിലുള്ള ഒഴിവുകൾ പ്രത്യേകമായി കണക്കാക്കി, അതതു തലത്തിലാണ് 5% ക്വോട്ട പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടത്. പരിധി ലംഘിച്ച് നിയമനം നൽകിയ ജീവനക്കാരെ സൂപ്പർ ന്യൂമററി തസ്തികകളിലേക്ക് മാറ്റി നിയമിക്കാനാണ് കോടതി ഉത്തരവ്.
ഈ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ, അന്തിമ വിധിക്ക് അനുസരിച്ചായിരിക്കും തുടർനടപടി സ്വീകരിക്കേണ്ടതെന്നും വകുപ്പു മേധാവികൾക്കു നൽകിയ നിർദേശത്തിൽ പറയുന്നു.