കമുകും വാഴയും വെട്ടിനിരത്തിയവർ തേവലക്കര വഴി പോയില്ലേ?
Friday, July 18, 2025 2:42 AM IST
വാർത്താവീക്ഷണം/ സി.കെ. കുര്യാച്ചൻ
കുലച്ച വാഴയും കായ്ഫലമുള്ള കമുകും വെട്ടിനിരത്താൻ കാണിച്ച ശുഷ്കാന്തിയുടെ ഒരംശമെങ്കിലും കെഎസ്ഇബി ജീവനക്കാർ ഇവിടെ പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ ഒരു കുരുന്നുജീവൻ പൊലിയില്ലായിരുന്നു. ഒരു കുടുംബത്തെ തീരാദുഃഖത്തിലേക്ക് തള്ളിവിടില്ലായിരുന്നു.
സ്കൂൾ അധികൃതർക്കൊപ്പം കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും അക്ഷന്തവ്യമായ അനാസ്ഥയുടെ നേർചിത്രമാണ് കൊല്ലം തേവലക്കരയിൽ ഇന്നലെയുണ്ടായ ദാരുണ സംഭവം. എത്രയോ നാളായി അപകടകരമായ രീതിയിൽ താഴ്ന്നു കിടന്നിരുന്ന ഈ വൈദ്യുതലൈൻ ഒരു കെഎസ്ഇബി ജീവനക്കാരന്റെയും കണ്ണിൽപ്പെടാതിരുന്നത് അദ്ഭുതകരമാണ്. സ്കൂൾ അങ്കണത്തിലൂടെ കടന്നുപോകുന്ന ഈ വൈദ്യുത ലൈൻ കണ്ടാൽ തോന്നുക, ഒരു കെഎസ്ഇബി ജീവനക്കാരനും അടുത്തകാലത്തൊന്നും ഇതുവഴി സഞ്ചരിച്ചിട്ടില്ലെന്നാണ്.
കോതമംഗലം വാരപ്പെട്ടിയിൽ 406 കുലച്ച വാഴകളാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ നിഷ്കരുണം വെട്ടിനിരത്തിയത്. 2023 ഓഗസ്റ്റ് നാലിനായിരുന്നു ഒരു കർഷകന്റെ നെഞ്ചുപിളർക്കുന്ന തരത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർ ക്രൂരത കാട്ടിയത്. 220 കെവി ലൈനിന്റെ സംരക്ഷണത്തിനായിരുന്നു ഈ അമിതാവേശം.
ടച്ചിംഗ് വെട്ടലിന്റെ പേരിലായിരുന്നു യാതൊരു മുന്നറിയിപ്പും നൽകാതെയുള്ള പരാക്രമം. വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷനു സമീപം കാവുംപാറ തോമസിന്റെ അരയേക്കറിലെ വാഴകളാണ് വെട്ടിനശിപ്പിച്ചത്. നാലു ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് തോമസിന്റെ മകൻ അനീഷ് പറഞ്ഞിരുന്നു. ഒരു വാഴയുടെ ഇല ലൈനിൽ മുട്ടി എന്നതായിരുന്നു കാരണം.
കാസർഗോഡ് പുത്തിഗെ ഉജംപദവ് ചക്കണിഗെയിലെ ബി. ബാലസുബ്രമണ്യഭട്ടിന്റെ കായ്ഫലമുള്ള മുപ്പതോളം കമുകുകൾ കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിനശിപ്പിച്ചത് ഈ വർഷം ഫെബ്രുവരി അവസാന ആഴ്ചയിലാണ്. ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചായിരുന്നു കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വിളയാട്ടം. വൈദ്യുതി പോസ്റ്റ് ചെരിഞ്ഞതുമൂലം ലൈൻ ഒരു കമുകിൽ മുട്ടുന്നത് ബാലസുബ്രമണ്യ ഭട്ട് തന്നെ കെഎസ്ഇബി ഓഫീസിൽ അറിയിച്ചിരുന്നു.
എന്നാൽ നിസാരമായി പരിഹരിക്കാമായിരുന്നകാര്യമായിരുന്നിട്ടും അതിനു മുതിരാതെ കെഎസ്ഇബി ഉദ്യോഗസ്ഥർ ബാലസുബ്രമണ്യഭട്ടിനെ അറിയിക്കാതെ അതിക്രമം കാട്ടുകയായിരുന്നു. കായ്ച്ചുനിന്ന കമുകുകളുടെ മണ്ട വെട്ടിമാറ്റിയ കാഴ്ച ഏറെ സങ്കടകരമായിരുന്നു.
ഇത്തരത്തിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കെഎസ്ഇബി ഉദ്യോഗസ്ഥർ അതിക്രമങ്ങൾ കാട്ടിയിട്ടുണ്ട്. സാധാരണക്കാരും ദരിദ്രരുമടക്കം നൽകുന്ന പണമുപയോഗിച്ച് മികച്ച ശമ്പളവും ആനുകൂല്യങ്ങളുംപറ്റുന്ന കെഎസ്ഇബി ഉദ്യോഗസ്ഥർ ഇത്തരത്തിൽ മനുഷ്യത്വഹീനവും ഉത്തരവാദിത്വരഹിതവുമായി പെരുമാറുന്നത് വലിയ ജനരോഷത്തിനാണ് ഇടയാക്കുന്നത്.
കാറ്റും മഴയും മറ്റുമുണ്ടാകുമ്പോൾ രാപകൽ അധ്വാനിച്ച് വൈദ്യുതി തകരാറുകൾ പരിഹരിക്കുന്ന വലിയൊരു വിഭാഗം ജീവനക്കാർ കെഎസ്ഇബിക്കുണ്ട്. അവർക്കുകൂടി മാനക്കേടുണ്ടാക്കുന്നതാണ് ചിലരുടെ അവിവേകവും ജാഗ്രതക്കുറവും.
കുറ്റക്കാരെയും വീഴ്ചകൾ വരുത്തുന്നവരെയും സംരക്ഷിക്കാതെ, മാതൃകാപരമായി ശിക്ഷിക്കുക എന്നതാണ് ഇത്തരം ദുഷ്പ്രവണതകൾ ഇല്ലാതാക്കാനുള്ള മാർഗം. അതിനാൽ കൊല്ലം തേവലക്കരയിൽ അശ്രദ്ധമായി വൈദ്യുതലൈൻ താഴ്ന്നുകിടക്കാൻ ഇടയായ സംഭവത്തിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടണം. വകുപ്പു മന്ത്രി ഇക്കാര്യത്തിൽ മാതൃകാപരമായി ഇടപെടുമെന്ന് പ്രതീക്ഷിക്കാം.
സ്കൂൾ അധികൃതരുടെ വീഴ്ചയും പൊറുക്കാവുന്നതല്ല. അനധികൃതമായി ഷെഡുണ്ടാക്കുകയും അപകടകരമായി വൈദ്യുതലൈൻ കടന്നുപോകുന്നത് കണ്ടില്ലെന്നു നടിക്കുകയും ചെയ്ത സ്കൂൾ അധികൃതർക്കും തക്കതായ ശിക്ഷ ഉറപ്പാക്കണം. ഭരണത്തിന്റെയും യൂണിയന്റെയും സംരക്ഷണത്തിന്റെ തണലിൽ കുറ്റക്കാർ രക്ഷപ്പെടാൻ ഇടയാകരുത്. സർക്കാർ സംവിധാനങ്ങളുടെ വീഴ്ചകൾ സംസ്ഥാനത്ത് തുടർക്കഥയാകുന്നത് ആശാസ്യമല്ല.
അപകടാവസ്ഥയിലാണെന്ന് അറിഞ്ഞിട്ടും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രികെട്ടിടത്തിലേക്ക് ആളുകൾക്ക് പ്രവേശനം തടയാതിരുന്നതും ഇതുപോലൊരു വീഴ്ചയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് ആവശ്യത്തിന് ഉപകരണങ്ങൾ ലഭ്യമാക്കാൻ വലിയ കാലതാമസമുണ്ടായത് ഒരു ഡോക്ടർ വേദനയോടെ പങ്കുവച്ചപ്പോൾ ആരോഗ്യമന്ത്രി പറഞ്ഞത്, “സിസ്റ്റത്തിന്റെ തകരാർ” എന്നാണ്.
ഈ “സിസ്റ്റം തകരാർ” പല വകുപ്പുകളിലുമുണ്ടെന്നാണ് ഇപ്പോൾ വെളിപ്പെട്ടു വരുന്നത്. ഈ സിസ്റ്റം തകരാർ പരിഹരിക്കാൻ ഇനിയും ജീവനുകൾ പൊലിയാൻ കാത്തുനിൽക്കരുത്.