ഗൗരിലക്ഷ്മിയുടെയും വേടന്റെയും പാട്ടുകൾ സിലബസിൽനിന്നു നീക്കില്ല
Saturday, July 19, 2025 2:12 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി ബിഎ മലയാളം (ഓണേഴ്സ്) ഭാഷയും സാഹിത്യവും സിലബസിൽനിന്ന് റാപ്പർ വേടൻ എന്ന ഹിരണ്‍ദാസ് മുരളിയുടെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ ഒഴിവാക്കില്ല.
മലയാള, കേരള പഠനവിഭാഗം മുൻ മേധാവി ഡോ.എം.എം. ബഷീറിന്റെ പഠന റിപ്പോർട്ട് തള്ളിയ പഠന ബോർഡ് ചെയർമാൻ ഡോ. എ.എം. അജിത്ത് പാട്ടുകൾ ഒഴിവാക്കില്ലെന്ന നിലപാട് ബന്ധപ്പെട്ടവരെ അറിയിച്ചു.
വിസി നിയോഗിച്ച ഡോ.എം.എം. ബഷീറിന്റെ റിപ്പോർട്ടിനു നിയമസാധുതയില്ലെന്ന നിലപാടിലാണ് പഠനബോർഡ് അംഗങ്ങൾ. വേടന്റെ പാട്ടിൽ ചില ഭാഗങ്ങളിൽ വസ്തുതാപരമായ തെറ്റുകളും ആശയപരമായ വൈരുധ്യങ്ങളുമുണ്ടെന്നും മൈക്കൾ ജാക്സന്റെ ദേ ഡോണ്ട് കെയർ എബൗട്ട് ഇറ്റ് എന്ന ഗാനത്തിന്റെയും വേടന്റെ ഭൂമി ഞാൻ വാഴുന്നിടം എന്ന ഗാനത്തിന്റെയും സംഗീതപരമായ സവിശേഷതകളെക്കുറിച്ചുള്ള താരതമ്യം ബിഎ മലയാളം വിദ്യാർഥികൾക്ക് അപ്രാപ്യമാണെന്നുമായിരുന്നു റിപ്പോർട്ടിലെ നിരീക്ഷണം.
കഥകളി സംഗീതവും ശാസ്ത്രീയ സംഗീതവും തമ്മിലുള്ള താരതമ്യ പഠനം നടത്താൻ മലയാളം ബിഎ വിദ്യാർഥികളോട് ആവശ്യപ്പെടുന്നത് പരിധിക്കപ്പുറമാണെന്നും കഠിനമാണെന്നും സമിതി റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
സിൻഡിക്കറ്റ് അംഗം എ.കെ. അനുരാജ്, അഭിഷേക് പള്ളിക്കര, സെനറ്റംഗം എ.വി. ഹരീഷ്, സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി, വി.ടി. രാജീവ്കുമാർ എന്നിവർ ചാൻസലർ, ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർക്കാണ് വിഷയത്തിൽ പരാതി നൽകിയവർ.