കെഎസ്ആർടിസി ട്രാവൽ കാർഡും ചലോ ആപ്പും സൂപ്പർ ഹിറ്റ്
Saturday, July 19, 2025 2:12 AM IST
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ നൂതന സേവന സംവിധാനങ്ങളെ ഏറ്റെടുത്ത് പൊതു സമൂഹം.
യാത്രകൾ കൂടുതൽ സുഗമമാക്കാനും ചില്ലറയുടെ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കുന്ന കെഎസ്ആർടിസി ട്രാവൽ കാർഡ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ സ്വന്തമാക്കിയത് 100961 പേർ. കാർഡിന് അപേക്ഷിച്ചിരിക്കുന്നവരുടെ എണ്ണം അധികരിച്ചതിനാൽ അഞ്ചു ലക്ഷത്തോളം ട്രാവൽ കാർഡുകളാണ് കെഎസ്ആർടിസി ഉടൻ എത്തിക്കുന്നത്.
73281 വിദ്യാർഥികളും സ്മാർട്ട് ഓൺലൈൻ കൺസഷൻ കാർഡിന് അപേക്ഷിച്ചിട്ടുണ്ട്. ഇത് ട്രാവൽ കാർഡ് പോലെ സ്മാർട്ട് കാർഡു രൂപത്തിൽ വിദ്യാർഥികളുടെ കൈകളിൽ ലഭ്യമാക്കുന്നതിന്റെ അവസാനഘട്ട തയാറെടുപ്പിലാണ് അധികൃതർ.
കെഎസ്ആർടിസിയുടെ യാത്രാ ലൊക്കേഷൻ അറിയാൻ സഹായിക്കുന്ന ചലോ ആപ്പ് ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം പേരാണ് ഇതിനകം ഡൗൺലോഡ് ചെയ്തത്.
പ്ലസ് വൺ വിദ്യാർഥികൾക്ക് രണ്ട് വർഷത്തേക്കുള്ള കാർഡിനാണ് അർഹത. www.concessionksrtc.com എന്ന വെബ്സൈറ്റ് മുഖേനയും കെഎസ്ആർടിസി കൺസഷൻ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചും വിദ്യാർഥികൾക്ക് അപേക്ഷിക്കാനും ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യാനും ആനുപാതികമായ തുക ഓൺലൈൻ വഴി അടയ്ക്കാനും സാധിക്കും.