വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഗുരുതര വീഴ്ച
Saturday, July 19, 2025 2:12 AM IST
കൊല്ലം: കൊല്ലം തേവലക്കരയിൽ സ്കൂള്‍ വിദ്യാര്‍ഥി മിഥുന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഗുരുതര വീഴ്ച. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്തിമറിപ്പോര്‍ട്ട് കൈമാറി. സുരക്ഷ ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
സുരക്ഷാ പ്രോട്ടോകോള്‍ ഉറപ്പാക്കിയിട്ടില്ല. ഹെഡ്മാസ്റ്ററുടെ വീഴ്ചയെപ്പറ്റിയും റിപ്പോര്‍ട്ടിലുണ്ട്. വൈദ്യുതലൈന്‍ അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങ ളായി. സ്കൂളിലെ അനധികൃത നിര്‍മാണം തടയാനും സാധിച്ചിട്ടില്ല. സ്കൂളിനും കെഎസ്ഇബിക്കും പഞ്ചായത്തിനും ഗുരുതരവീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.
കാലങ്ങളായി വൈദ്യുതലൈൻ താഴ്ന്നു കിടന്നിട്ടും ആരും അനങ്ങിയില്ല. അപായ ലൈനിനുകീഴെ സ്കൂൾ ഷെഡ് പണിയാൻ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ജോലി ആവശ്യാർഥം കുവൈറ്റിൽനിന്നു തുർക്കിയിലേക്കു പോയ സുജയെ അടിയന്തരമായി നാട്ടിലെത്തിക്കുന്നതിനായി കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ, കുവൈറ്റി പൗരനായ സ്പോൺസർ എന്നിവരുമായി നടപടികൾ വേഗത്തിലാക്കാൻ കൊടിക്കുന്നിൽ സുരേഷ് എംപി ബന്ധപ്പെട്ടിരുന്നു.
അതേസമയം, മിഥുന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി മൂന്നു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
അനാസ്ഥയുടെ തെളിവായി സ്കൂൾ ഫിറ്റ്നസ് റിപ്പോർട്ട്
കൊല്ലം: സ്കൂൾ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധികൃതരുടെ ഗുരുതര അനാസ്ഥയ്ക്കു തെളിവായി ഫിറ്റ്നസ് റിപ്പോര്‍ട്ട്. തേവലക്കര സ്കൂളില്‍ ഒരു പ്രശ്നവുമില്ലെന്നാണ് മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് അധികൃതർ നൽകിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
മേൽക്കൂര, അടിസ്ഥാന സൗകര്യം എന്നിവയില്‍ പ്രശ്നങ്ങൾ ഉണ്ടോ എന്ന ചോദ്യത്തിന് "ഇല്ല' എന്നാണ് മറുപടി. മേൽക്കൂരയ്ക്കു മുകളിലൂടെ പോയ ത്രീഫേസ് വൈദ്യുതലൈൻ ഫീൽഡ് പരിശോധനാ റിപ്പോർട്ട് തയാറാക്കാൻ എത്തിയ ഉദ്യോഗസ്ഥർ അവഗണിച്ചു എന്ന് വ്യക്തം.
മിഥുന്റെ സംസ്കാരം ഇന്ന്
കൊല്ലം: മിഥുന്റെ സംസ്കാരം ഇന്നു വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ നടക്കും. രാവിലെ പത്തിന് തേവലക്കര ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനുവയ്ക്കും.
പ്രധാനാധ്യാപികയ്ക്കു സസ്പെൻഷൻ
തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ തേവലക്കര ബോയ്സ് ഹൈസ്കൂളിലെ പ്രഥമാധ്യാപിക എസ്. സുജയെ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തു.
സ്കൂളിലെ കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പുവരുന്നതില്‍ പ്രഥമ അധ്യാപികയ്ക്ക് വീഴ്ച സംഭവിച്ചതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു.
സ്കൂളിന്റെ ചുമതലയുള്ള എഇഒയിൽനിന്നു വിശദീകരണം തേടാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സ്കൂൾ മാനേജ്മെന്റിന് കാരണം കാണിക്കൽ നോട്ടീസും നല്‍കും.