ഡ്രഗ് ഇൻസ്പെക്ടർ നിയമനത്തിൽ കേരളത്തിന്റെ കള്ളക്കളി
Saturday, July 19, 2025 2:12 AM IST
കണ്ണൂർ: കേരള ആയുർവേദ വകുപ്പിൽ കോടികൾ പൊടിച്ച് ഗവേഷണ വികസന പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്പോഴും ആവശ്യത്തിന് ആയുർവേദ ഡ്രഗ് ഇൻസ്പെക്ടർമാരെ നിയമിക്കാതെ സർക്കാരിന്റെ ഒളിച്ചുകളി. കേരളത്തിൽ ആയർവേദ വകുപ്പിൽ 30 ഡ്രഗ് ഇൻസ്പെക്ടർമാർ വേണ്ട സ്ഥാനത്ത് നിലവിൽ ഏഴു പേർ മാത്രമാണുള്ളത്. മൂന്നു പേരെ മാത്രമാണ് അടുത്ത നാളിൽ നിയമിച്ചത്.
23 പേരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. 27 തസ്തികകൾ ഒഴിഞ്ഞു കിടക്കുന്ന സമയത്ത് മൂന്നു പോസ്റ്റ് മാത്രം വിജ്ഞാപനം ചെയ്ത പിഎസ്സിയുടെ നടപടിയിൽ ദുരൂഹതയുണ്ടെന്നാണു കറുവാപ്പട്ട കർഷകനും കണ്ണൂർ പയ്യാന്പലം സ്വദേശിയു മായ ലിയോനാർഡ് ജോൺ ദീപികയോടു പറഞ്ഞത്. ആയുഷിന്റെ നിർദേശ പ്രകാരം 10 മുതൽ 30 വരെയുള്ള സ്ഥാപനങ്ങൾക്ക് ഒരു ഇൻസ്പെക്ടർ എന്നതാണ് ചട്ടം. കേരളത്തിൽ 900ലധികം ആയുർവേദ മരുന്ന് കന്പനികൾ ഉണ്ട്.
900 ആയുർവേദ മരുന്ന് നിർമാണ യൂണിറ്റുകളെന്നു കണക്കാക്കിയാൽത്തന്നെ കേരളത്തിൽ 30 ഡ്രഗ് ഇൻസ്പെക്ടർമാർ വേണം. എന്നാൽ കേരളത്തിന്റെ സാന്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ബന്ധപ്പെട്ട തസ്തികയിൽ നിയമനം നടത്താനാകില്ലെന്നാണു സർക്കാർ വാദം. എന്നാൽ കേരള സർക്കാരിനു പ്രസ്തുത നിയമനത്തിൽ യാതൊരു ബാധ്യതയും ഇല്ലെന്നാണ് വിവരാവകാശ രേഖയിൽനിന്നു വ്യക്തമാകുന്നത്.
ആവശ്യത്തിനുള്ള ആയുർവേദ ഡ്രഗ് ഇൻസ്പെക്ടർമാരെ നിയമിക്കുന്നതിനുള്ള ഫണ്ട് കേരളത്തിന് ആയുഷ് അനുവദിക്കുന്നുണ്ട്. ആയുർവേദ മരുന്ന് നിർമാണ സ്ഥാപനങ്ങളെ സഹായിക്കാനാണ്, തങ്ങൾക്ക് ഒരു പൈസയുടെ ബാധ്യത ഇല്ലാത്ത നിയമനത്തിൽപോലും കേരള സർക്കാർ കള്ളക്കള്ളി തുടരുന്നതെന്നാണ് ലിയോനാർഡ് ജോണിന്റെ ആരോപണം.