വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവം ; അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെന്ന് മന്ത്രി
Friday, July 18, 2025 2:42 AM IST
തിരുവനന്തപുരം: കൊല്ലത്ത് തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റു മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
വിദ്യാർഥിയുടെ മരണം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചു. വിശദമായ റിപ്പോർട്ട് ഇന്ന് ലഭിക്കും. പ്രാഥമിക റിപ്പോർട്ടിൽ ചില അനാസ്ഥകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി ഉണ്ടാകും.
മിഥുന്റെ കുടുംബത്തിന് സർക്കാർ പിന്തുണ നൽകും. കുടുംബത്തിന് വീട് നിർമിച്ചു നൽകും. സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ചു നൽകുകയെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാർഥിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ ഇന്ന് നിശ്ചയിച്ചിരുന്ന പരിപാടികളിൽ വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കില്ലെന്നു മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പ്രതിഷേധവുമായി നാട്ടുകാർ
സ്കൂൾ കുട്ടി മരിച്ച സംഭവത്തിൽ വൻപ്രതിഷേധവുമായി നാട്ടുകാരും വിവിധ രാഷ്ട്രീയകക്ഷികളും എത്തി. സ്കൂൾ കെട്ടിടത്തിന്റെ മുകളിലൂടെ വൈദ്യുതി ലൈൻ പോകുന്നതറിയാമായിരുന്നിട്ടും ലൈൻ മാറ്റുന്നതിന് സ്കൂൾ അധികൃതർ ശ്രമിച്ചില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
സിപിഎം പ്രവർത്തകർക്കു മേൽക്കൈയുള്ള സ്കൂൾ മാനേജ്മെന്റിനെതിരേ കേസെടുക്കണമെന്നു പ്രതിഷേധത്തിനിടെ സ്കൂളിലെത്തിയ ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. സ്കൂളിനു മുന്നിൽ യൂത്ത് കോൺഗ്രസും ആർഎസ്പിയും ബിജെപിയും പ്രതിഷേധം നടത്തി.